പരീക്ഷ ക്രമക്കേട്; മുന്‍ വര്‍ഷങ്ങളിലും പരീക്ഷ എഴുതി അദ്ധ്യാപകര്‍

സ്വന്തം ലേഖകന്‍

May 13, 2019 Mon 07:37 AM

കോഴിക്കോട്: നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസില്‍ തിരുത്തല്‍ വരുത്തിയ അദ്ധ്യാപകന്‍ നിഷാദ് വി മുഹമ്മദ് മുന്‍വര്‍ഷങ്ങളിലും വിദ്യാര്‍ത്ഥികളുടെ ഉത്തരപ്പേപ്പറുകള്‍ തിരുത്തിയെഴുതിയിരുന്നുവെന്ന് സൂചന. സംഭവത്തില്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ഡി.ജി.പി ക്ക് പരാതി നല്‍കിയിരുന്നു. മുന്‍വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ നടന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് പൊലീസിനോട് പൊതുവിദ്യാഭ്യാസ വകുപ്പ് അവശ്യപ്പെട്ടു.


മുന്‍വര്‍ഷങ്ങളിലും വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസില്‍ അദ്ധ്യാപകര്‍ ഇടപെട്ടിരുന്നവെന്ന സംശയം പരീക്ഷാ നടത്തിപ്പിന്റെയും മൂല്യനിര്‍ണ്ണയത്തിന്റെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിന് നല്‍കിയ മാപ്പപേക്ഷയില്‍ അദ്ധ്യാപകന്‍ കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അവരുടെ സമ്മതത്തോടെ സഹായങ്ങള്‍ ചെയ്തുവെന്നായിരുന്നു അദ്ധ്യാപകന്റെ പ്രതികരണം. സംഭവത്തിന് പിന്നാലെ പരീക്ഷാ ഡ്യൂട്ടിക്ക് അദ്ധ്യാപകരെ നിയോഗിക്കുന്നതിലുള്ള അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്ന ആവശ്യവും ശക്തമാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷ ചീഫ് സൂപ്രണ്ടും സ്‌കൂള്‍ പ്രിന്‍സിപ്പലുമടക്കം ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്ററി സകൂളിലെ അഞ്ച് അദ്ധ്യാപകര്‍ നിലവില്‍ സസ്‌പെന്‍ഷിലാണ്.


  • HASH TAGS
  • #HIGHERsecondaryexam
  • #neeleshwaram