ഫേസ്ബുക്കില്‍ കയറാന്‍ ആധാര്‍ : വിഷയത്തില്‍ എത്രയും പെട്ടെന്നു തീരുമാനമുണ്ടാകണമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകന്‍

Sep 14, 2019 Sat 06:41 PM

ഡല്‍ഹി : സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമുണ്ടാകണമെന്ന് സുപ്രീം കോടതി. സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ വേണമെന്നു വ്യവസ്ഥ ചെയ്യണമെന്നാവശ്യപ്പെട്ട് 3 ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ഫെയ്‌സ്ബുക്ക് ഹര്‍ജി നല്‍കിയിരുന്നു. ഇതിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി ഓഗസ്റ്റ് 20നു നോട്ടിസ് നല്‍കി.


ഗൂഗിള്‍, ട്വിറ്റര്‍, യുട്യൂബ് എന്നിവയ്ക്കും നോട്ടിസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 13നകം മറുപടി നല്‍കണമെന്നായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. ആധാറും സമൂഹമാധ്യമങ്ങളും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സെപ്റ്റംബര്‍ 24നു പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിനു സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചു.


സുപ്രീംകോടതിയിലേക്കു കേസ് മാറ്റുന്നതു സംബന്ധിച്ചു കേന്ദ്രത്തിനു തടസ്സവാദങ്ങളൊന്നുമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാതെയാണു സമൂഹമാധ്യമങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുന്നതിനും കുറ്റകൃത്യങ്ങള്‍ പെരുകുന്നതു പ്രതിരോധിക്കുന്നതിനും തടസ്സമാകുന്നുണ്ട്.ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമുണ്ടാകണമെന്ന്് സുപ്രീംകോടതി പറഞ്ഞു.
  • HASH TAGS