എഞ്ചിനിയര്‍ ബിരുദധാരിയാണെന്ന് പറയുന്ന മോദിയുടെ അഭിമുഖം പുറത്ത്

സ്വന്തം ലേഖകന്‍

May 14, 2019 Tue 09:41 AM

ബെംഗളുരു: വിടുവായത്തം പറഞ്ഞ് വെട്ടിലാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഡാര്‍, ഡിജിറ്റല്‍ ക്യാമറ അഭിമുഖങ്ങള്‍ വാര്‍ത്തയായിരുന്നു. പിന്നാലെ മോദിക്കെതിരെയും, മോദിയെ പരിഹസിച്ചും നേതാക്കളും, ട്രോളുമായി സൈബര്‍ ലോകവും രംഗത്തു വന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പുള്ള മോദിയുടെ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

തനിക്ക് എന്‍ജിനീയറിങ് ഡിഗ്രിയുണ്ടെന്നും, അവിവാഹിതനാണെന്നും മോദി അവകാശപ്പെടുന്ന അഭിമുഖമാണ് ചര്‍ച്ചക്കിടയാക്കിയ സാഹചര്യം. കന്നഡ പത്രമായ ഉദയവാണിയുടെ ടാബ്ലോയിഡ് പതിപ്പായ തരംഗയിലാണ് അഭിമുഖം പ്രസിദ്ധീകരിക്കപ്പെട്ടത്. നാല്‍പത് വയസ്സാകുന്നതിനു മുന്‍പേ ഗുജറാത്ത് ബിജെപി പ്രസിഡന്റായ ആളാണ് താനെന്നും ഗുജറാത്തിലെ വിജയത്തിന്റെ ആണിക്കല്ല് താനാണനെന്നും അഭിമുഖത്തില്‍ മോദി പറയുന്നുണ്ട്. 1974ല്‍ ജയപ്രകാശ് നാരായണന്‍ ആരംഭിച്ച നവനിര്‍മാണസേനയിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതെന്നും മോദി പറയുന്നു.

തന്റെ ബുദ്ധിപരമായ ഇടപെടലുകള്‍ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിച്ചിരുന്നു എന്ന് ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി പരാമര്‍ശിച്ചിരുന്നു. കൂടാതെ മറ്റൊരു അഭിമുഖത്തില്‍ 1983-ല്‍ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ചിത്രം പകര്‍ത്തിയെന്നും ഇമെയില്‍ വഴി ഡല്‍ഹിയിലേക്ക് അയച്ചുവെന്നും അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയാകുന്നതിന് മുമ്പുള്ള അഭിമുഖവും ചര്‍ച്ചയാകുന്നത്.

  • HASH TAGS
  • #modi