മുടി വെട്ടിയതിന് നിര്‍മ്മാതാവിന്റെ വധഭീഷണി ; ഷെയ്ന്‍ നിഗം 'അമ്മ' യ്ക്ക് പരാതി നല്‍കി

സ്വന്തം ലേഖകന്‍

Oct 17, 2019 Thu 06:06 AM

നിര്‍മ്മതാവിന്റെ വധഭീഷണിയെ തുടര്‍ന്ന് നടന്‍ ഷെയിന്‍ നിഗം താര സംഘടനയായ അമ്മ യ്ക്ക് പരാതി നല്‍കി. അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവില്‍ നിന്നു വധഭീഷണി നേരിട്ടെന്ന പരാതിയുമായി നടന്‍ ഷെയ്ന്‍ നിഗം രംഗത്തെത്തിയത്. മുടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്‌നമാണ് ഇതിലേക്കു നയിച്ചതെന്ന് ഫെയ്‌സ്ബുക് ലൈവിലും ഷെയ്ന്‍ പറഞ്ഞു. 


ഷെയ്ന്‍ ഇപ്പോള്‍ അഭിനയിക്കുന്ന 'വെയില്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നാണ് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കു നല്‍കിയ പരാതിയില്‍ ഷെയ്ന്‍ വ്യക്തമാക്കിയത്.  ' ഷെയ്ന്‍ ഇപ്പോള്‍ അഭിനയിക്കുന്ന രണ്ടു സിനിമകളില്‍ ഒന്ന് ഗുഡ്വില്ലിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'വെയിലും' വര്‍ണചിത്രയുടെ ബാനറിലെ 'ഖുര്‍ബാനി'യുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ഖുര്‍ബാനിയില്‍ അഭിനയിക്കുമ്പോള്‍ ഗെറ്റപ് ചേഞ്ചിന് രണ്ടു സിനിമകളുടെയും അണിയറ പ്രവര്‍ത്തകരുടെ സമ്മതത്തോടെ മുടി വെട്ടേണ്ടി വന്നു. അതില്‍ മുടിയുടെ പുറകു വശം കുറച്ചു കൂടുതല്‍ വെട്ടിപ്പോയി. അതു മനഃപൂര്‍വമല്ല, ഫുഡ് പോയിസന്റെ പനി കാരണം ക്ഷീണിതനായിരുന്നു. അതിനാല്‍ത്തന്നെ ഷൂട്ടിങ്ങും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. മുടി വെട്ടി കാരക്ടര്‍ ലുക്കിനു വേണ്ടി ജെല്‍ പുരട്ടി മേക്ക് ഓവര്‍ ചെയ്ത ഫോട്ടോ വാട്‌സാപ്പില്‍ അപ്ലോഡ് ചെയ്തിരുന്നു. അതു കണ്ടപ്പോഴാണ് ജോബി ജോര്‍ജ്, നിജസ്ഥിതി മനസ്സിലാക്കാതെ, വെയില്‍ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് ഫോണിലൂടെ മോശമായി സംസാരിച്ച് അപമാനിച്ചത്' എന്ന് ഷെയിന്‍ അമ്മയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു.


  • HASH TAGS