പ്രസവ മുറിയില്‍ ഗായത്രി മന്ത്രം; സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍

May 15, 2019 Wed 07:04 AM

ജയ്പുര്‍: പ്രസവവേദന അറിയാതിരിക്കാന്‍ ഗായത്രി മന്ത്രം കേള്‍പ്പിച്ച് രാജസ്ഥാനിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍. ഗായത്രി മന്ത്രം കേള്‍ക്കുന്നത് പ്രസവ വേദന കുറയ്ക്കുമെന്നാണ് ആശുപത്രി അവകാശപ്പെടുന്നത്. ഇത് ജയ്പുരിലെ 20 ആരോഗ്യകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. തേജ്‌റാം മീണ അറിയിച്ചു. 


ആശുപത്രി കൈക്കൊണ്ട തീരുമാനത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കുകയാണ്. മുസ്ലീം അവകാശപ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മയ്ക്ക് പരാതി നല്‍കുകയും ചെയ്തു. ആശുപത്രികള്‍ സ്വന്തം താല്‍പര്യപ്രകാരമാണ് ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നതെന്നും ഒരു നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇസ്ലാം വിശ്വാസ പ്രകാരം ജനിച്ചു വീഴുന്ന കുട്ടിയുടെ ചെവിയില്‍ ആദ്യം കേള്‍പ്പിക്കേണ്ടത് ബാങ്ക് വിളിയാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ മതേതര രാജ്യത്തിന് യോജിച്ചതല്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.


  • HASH TAGS
  • #gayathrimanthra
  • #labourroom