കോപ്പിയടി തടയാന്‍ വിദ്യാര്‍ഥികളെ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളിലാക്കി; കോളജിനെതിരെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

സ്വന്തം ലേഖകന്‍

Oct 19, 2019 Sat 11:03 PM

ബംഗളൂരു: പരീക്ഷക്ക് കോപ്പിയടിക്കുന്നത് തടയാന്‍ കുട്ടികളുടെ  തലയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികൾ നൽകി പരീക്ഷ എഴുതിപ്പിച്ച സംഭവത്തിൽ കോളേജിനെതിരെ വ്യാപക  വിമർശനങ്ങൾ  ഉയരുന്നു. ഹാവേരിയിലെ ഭഗത് പ്രി-യൂനിവേഴ്സിറ്റി കോളെജാണ് കോപ്പിയടി തടയാന്‍ വിദ്യാര്‍ഥികളെ പെട്ടിക്കുള്ളിലാക്കിയത്.കോളെജ് അധികൃതരാണ് ഇത്തരം വിചിത്രമായ മാര്‍ഗം ഉപയോഗിച്ച് കുട്ടികളെ പരീക്ഷ എഴുതിപ്പിച്ചത്. തലയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികളുമായി പരീക്ഷ എഴുതുന്ന കുട്ടികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.സംഭവം വിവാദമായതോടെ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ വിഷയത്തില്‍ പ്രതികരിച്ചു. ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് കോളജിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന്  മന്ത്രിപറഞ്ഞു. സംഭവത്തിൽ  നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ  സംഭവത്തെ ന്യായീകരിക്കുകയാണ് കോളെജ് അധികൃതര്‍. കോപ്പിയടി തടയാനാണ് ഇത്തരം നടപടി സ്വീകരിച്ചതെന്ന് കോളജ് മേധാവി എം.ബി. സതീഷ് പറഞ്ഞു. 

  • HASH TAGS
  • #Karnataka
  • #college