ബൈക്കില്‍ പിന്തുടര്‍ന്ന ആരാധകന് രജനികാന്ത് നല്‍കിയ മറുപടി വൈറല്‍

സ്വന്തം ലേഖകന്‍

Oct 20, 2019 Sun 06:28 PM

ആരാധന കൊണ്ട് താരങ്ങളെ പലതരത്തില്‍ പിന്തുടര്‍ന്ന ആരാധകരുണ്ട്. തമിഴകത്തെ സ്റ്റൈല്‍ മന്നനെ കാണാന്‍ ബൈക്കില്‍ ചേസ് ചെയ്ത ആരാധകന്‍ രജനികാന്ത് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കഴിഞ്ഞ ദിവസമാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ഹിമാലയന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്. 

നിരവധി ആരാധകരാണ് താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് വീട്ടിലേക്ക് പുറപ്പെട്ട താരത്തിന്റെ വണ്ടിയുടെ പിന്നാലെ ബൈക്കില്‍ പിന്തുടര്‍ന്ന ആരാധകന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

താരം വീട്ടിലെത്തുന്നതു വരെ ഇവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. കാര്‍ രജനികാന്തിന്റെ വീട്ടില്‍ പ്രവേശിച്ചപ്പോള്‍ ആരാധകന്‍ തിരികെ പോകാന്‍ ഒരുങ്ങി. എന്നാല്‍ കാറില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് ആരാധകനെ വീട്ടിലേക്ക് വിളിച്ചു. യുവാവിനെ ചേര്‍ത്ത് നിര്‍ത്തി രജനികാന്ത് പറഞ്ഞത് ഇങ്ങനെയാണ്, 'ബൈക്കില്‍ ഇനി ഇങ്ങനെ പിന്തുടരരുതേ കണ്ണാ, അത്ര സുരക്ഷിതമല്ല' എന്നാണ്. ആരാധകനൊപ്പം ചിത്രം എടുത്തതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് കയറിയത്. രജനികാന്തിന്റെ ഈ പ്രവൃത്തിയെ വാഴ്ത്തുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍.
  • HASH TAGS
rajani's mass reply to fan