കനത്ത മഴ : കൊച്ചി വെള്ളക്കെട്ടില്‍ : ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

സ്വന്തം ലേഖകന്‍

Oct 21, 2019 Mon 05:03 PM

എറണാകുളം ; ശക്തമായ മഴയെ തുടര്‍ന്ന് എറണകുളം വെള്ളക്കെട്ടില്‍ . സൗത്ത് റെയില്‍വെ സ്‌റ്റേഷനിലും വെള്ളം കയറിയതിനാല്‍ ട്രയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അതിശക്തമായ മഴ തുടരുന്നു. ഇടുക്കി കല്ലാര്‍ക്കുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 6 ഇഞ്ച് ഉയര്‍ത്തി.


സൗത്തില്‍നിന്നു പുറപ്പെടേണ്ട ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകും. സൗത്ത് സ്റ്റേഷനില്‍ എത്തിയവര്‍ മെട്രോയില്‍ കയറി നോര്‍ത്തിലെത്തി യാത്ര തുടരാന്‍ ശ്രമിക്കണമെന്നും റെയില്‍വേ അധികൃതര്‍ നിര്‍ദേശിച്ചു. സൗത്ത് സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. 


കൊച്ചിയില്‍ എംജി റോഡ്, ഇടപ്പള്ളി, സൗത്ത് റെയില്‍വേ സ്റ്റേഷന്‍, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. എംജി റോഡില്‍ പല കടകളിലും വെള്ളം കയറി. അതേസമയം, കനത്ത മഴ തുടരുന്നതിനാല്‍ എറണാകുളത്തെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിലവില്‍ വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നു ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.


നിലവില്‍ വോട്ടെടുപ്പ് മാറ്റിവെയ്ക്കാന്‍ തീരുമാനമില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസും പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ നേരിടുന്ന ബൂത്തുകളിലും പ്രദേശങ്ങളിലും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നിരീക്ഷകരോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഒഴികെ തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബാക്കി നാല് നിയമസഭ മണ്ഡലങ്ങളിലും ശക്തമായ മഴ തുടരുകയാണ്.  • HASH TAGS