വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി പ്രതിഷേധം കനക്കുന്നു

സ്വന്തം ലേഖകന്‍

Oct 29, 2019 Tue 11:34 PM

വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായ് കേരളമൊട്ടാകെ പ്രതിഷേധം കനക്കുകയാണ് . 2017ലാണ് കേസിനാസ്പദമായ സംഭവം. ജനുവരി 13-ന് 13 വയസ്സുകാരിയെയും മാര്‍ച്ച് നാലിന് സഹോദരിയായ ഒന്‍പതുവയസ്സുകാരിയെയും വീട്ടിലെ ഒരേ കഴുക്കോലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 


ഇരുവരും ലൈംഗികചൂഷണത്തിന് ഇരയായതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് നടത്തിയത്. എന്നാല്‍ കുറ്റം തെളിയിക്കാന്‍ പറ്റാതെ പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടതോടെപ്രതികളെയും കോടതി വെറുതെ വിട്ടു. ഇതിനു പിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നുവന്നത്. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും നിരവധി രാഷ്ട്രീയ സംഘടകളും നീതിക്കായി വ്യത്യസ്ത രീതിയിലാണ് പ്രതിഷേധങ്ങള്‍ നടത്തുന്നത്. നടന്മാരായ പൃഥിരാജിന്റെയും ടോവിനോയുടെയും സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.


പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണു സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതെന്ന വിലയിരുത്തലുമുണ്ട്. രണ്ടാമത്തെ കുട്ടിയുടെ മരണം നടന്നു മൂന്നാം ദിവസമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ആദ്യസംഭവത്തില്‍ പൊലീസിനു മൊഴിനല്‍കാത്ത രക്ഷിതാക്കള്‍ രണ്ടാമത്തെ കേസില്‍ മാത്രം പ്രതികളുടെ പേരും മൊഴിയും പൊലീസിനു നല്‍കിയതില്‍ അപാകതയുണ്ടെന്നാണു നിഗമനം. പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം സാക്ഷിമൊഴി രേഖപ്പെടുത്തിയതിനെതിരെയുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. എന്നിരുന്നാലും നീതി ലഭിക്കും വരെ പ്രതിഷേധങ്ങളുമായി രംഗത്തുണ്ടാകുമെന്ന് എല്ലാ സംഘടകളും അറിയിച്ചു.  • HASH TAGS