ഫേസ്ബുക്ക് വിട്ട് യൂട്യൂബില്‍ കസറി പ്രശാന്ത് ബ്രോ

സ്വന്തം ലേഖകന്‍

Oct 31, 2019 Thu 04:24 AM

കോഴിക്കോട് കളക്ടറായിരിക്കുമ്പോള്‍ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലൂടെ മികച്ച രീതിയില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി കൈയ്യടി നേടിയ ആളാണ് ഐഎഎസ് പ്രശാന്ത് ബ്രോ. സിനിമ സ്‌റ്റൈലില്‍ ജനകീയമായ മറുപടി കൊടുത്ത് ജനങ്ങളെ കൈയിലെടുത്ത കളക്ടറായിരുന്നു. ഓപ്പറേഷന്‍ സുലൈമാനിയിലൂടെയും പേരുകേട്ട കോഴിക്കോടിന്റെ കളക്ടറായിരുന്നു പ്രശാന്ത് ബ്രോ. എന്നാല്‍ ഫേസ്ബുക്ക് വിട്ട് യൂട്യൂബിലേക്ക് ചേക്കേറിയിരിക്കുകയാണ്  പ്രശാന്ത്  ബ്രോ. 'പരസ്പരം താറടിക്കുന്ന ഫേസ്ബുക്ക് വിട്ട് യുട്യൂബ് ചാനല്‍ വഴിയാണ് ഇപ്പോള്‍ ആശയ വിനിമയം' എന്നു പ്രശാന്ത് പറയുന്നു.  സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള രസകരമായ അവതരണത്തിലൂടെ ജീവിതത്തെ എങ്ങനെ പോസ്റ്റീവ് ആയി കാണാമെന്ന വീഡിയോകളാണ് പലതും. പുതിയ വീഡിയോക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.'ചൊറി, ചിരങ്ങ് എന്നിവ വളരെ സങ്കീര്‍ണമാണ്. മറ്റുള്ളവരുടെ ഉള്ളിലുള്ള ഒരു വികാരമാണത്. മറ്റൊരാളുടെ തലയ്ക്കകത്തുള്ള പ്രശ്‌നത്തിന് നമുക്ക് പരിഹാരം കണ്ടെത്താന്‍ പറ്റുമോ? പറ്റില്ല. നമുക്ക് ആകെ ചെയ്യാനാവുക നമ്മുടെ കാര്യം നോക്കുക. അതൊന്നും നമ്മളെ ബാധിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ്'' പ്രശാന്ത്  പറഞ്ഞു.മുന്‍വിധികള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന അപകടകരമായ സാഹചര്യത്തെക്കുറിച്ചും പ്രശാന്ത് വിഡിയോയില്‍ വ്യക്തമാക്കുന്നു. മുന്‍പ് ചെയ്ത വിഡിയോയ്ക്കു കിട്ടിയ പ്രതികരണങ്ങളിലെ മുന്‍വിധികള്‍ ചൂണ്ടികാണിച്ചായിരുന്നു മറുപടി. വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാനുള്ള സമൂഹത്തിന്റെ വ്യഗ്രതയും നന്മമരങ്ങളെ തേടിയുള്ള അലച്ചിലും രസകരമായ നിരീക്ഷണങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.  എല്ലാം തികഞ്ഞ നന്മമരങ്ങളെ തിരഞ്ഞ് ജീവിതം പാഴാക്കുന്നവര്‍ സമര്‍പ്പിക്കുന്നു എന്ന് വിഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്. യുട്യൂബ് ചാനല്‍ തുടങ്ങി ദിവസങ്ങളാകുമ്പോഴേക്കും മികച്ച പ്രതികരണമാണ് വീഡിയോകള്‍ക്ക് ലഭിക്കുന്നത്.
  • HASH TAGS