32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു : ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം

സ്വന്തം ലേഖകന്‍

Nov 04, 2019 Mon 02:00 AM

ഡല്‍ഹി :  ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായികൊണ്ടിരിക്കുകയാണ്.

 നഗരത്തിന്റെ പല ഭാഗങ്ങളിലും രാത്രി ചെറിയ മഴ പെയ്‌തെങ്കിലും വായുനിലവാരം കൂടുതല്‍ മോശമായി. പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുക്കുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.  ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യവകുപ്പും അറിയിച്ചു. 


വടക്കേ ഇന്ത്യയില്‍ മലിനീകരണം അസഹനീയമാം വിധം ഉയര്‍ന്നെന്നും അതിനെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹി ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നത്. പഞ്ചാബും വ്യാകുലത അറിയിച്ചിട്ടുണ്ടെന്നും കേജ്രിവാള്‍ പറഞ്ഞു. അതേസമയം, ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റ ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം നാളെ നിലവില്‍വരും. നിയന്ത്രണം മറികടന്നാല്‍ നാലായിരം രൂപയാണ് പിഴ. വിഐപികള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും പുറമേ സ്ത്രീകളും ഭിന്നശേഷിക്കാരും ഓടിക്കുന്ന വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്ക് ഇളവുണ്ട്.  പുകമഞ്ഞില്‍ മുങ്ങിയ നഗരത്തിലെ കാഴ്ചപരിധിയും കുറഞ്ഞു.


 
  • HASH TAGS