'പാലില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പു' : പശുവുമായി ഗോള്‍ഡ് ലോണെടുക്കാന്‍ ബാങ്കിലെത്തി കര്‍ഷകന്‍

സ്വന്തം ലേഖകന്‍

Nov 07, 2019 Thu 10:00 PM

കൊല്‍ക്കത്ത : ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്റ പ്രസ്താവനയ്ക്ക് പിന്നാലെ പശുവുമായി ഗോള്‍ഡ് ലോണെടുക്കാന്‍ ബാങ്കിലെത്തി കര്‍ഷകന്‍. ബംഗാളിലെ മണപ്പുറം ഫിനാന്‍സിലാണ് ബിജെപി അധ്യക്ഷന്റെ വാക്കു വിശ്വസിച്ച് കര്‍ഷകന്‍ ഗോള്‍ഡ് ലോണിനായി എത്തിയത്.


 പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന ദിലീപ് ഘോഷിന്റെ പ്രസ്താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു. നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ടെന്നും അതുകൊണ്ടാണ് പശുവിന്‍പാലിന് സ്വര്‍ണ നിറമുള്ളതെന്നുമായിരുന്നു ദിലീപ് ഘോഷിന്റെ പ്രസ്താവന. നാടന്‍ പശുവിനെയാണ് ഇന്ത്യക്കാര്‍ മാതാവായി കാണുന്നതെന്നും വിദേശി പശുവിനെ അങ്ങനെ കണക്കാക്കുന്നില്ലന്നും ദിലീപ് ഘോഷ് വാര്‍ത്ത് ഏജന്‍സിയോടു പറഞ്ഞു.


'ഗോള്‍ഡ് ലോണ്‍ എടുക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത്. അതുകൊണ്ടാണ് എന്റ പശുക്കളേയും കൂടെ കൂട്ടിയത്. പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന് ഞാന്‍ കേട്ടു. ഞാനും എന്റെ കുടുംബവും പശുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എനിക്ക് ആകെ ഇരുപത് പശുക്കള്‍ ഉണ്ട്. ലോണ്‍ ലഭിക്കുകാണെങ്കില്‍ എന്റെ വ്യാപാരം വിപുലമാക്കാന്‍ സാധിക്കും'- കര്‍ഷകന്‍ പറഞ്ഞതായി  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


'എല്ലാദിവസവും നിരവധി ആളുകള്‍ അവരുടെ പശുക്കളുമായി എന്റെ അടുക്കല്‍ വരുന്നു. തങ്ങളുടെ പശുക്കള്‍ പ്രതിദിനം 15 മുതല്‍ 16 ലിറ്റര്‍ വരെ പാല്‍ നല്‍കുന്നുവെന്നും അതുകൊണ്ട് ലോണ്‍ ലഭിക്കണമെന്നുമാണ് അവരുടെ ആവശ്യമെന്നും  ഗരല്‍ഗച്ച ഗ്രാമപഞ്ചായത്ത് മേധാവി മനോജ് സിംഗ് പറഞ്ഞു.
  • HASH TAGS