മലപ്പുറം രണ്ടത്താണിയില്‍ വസ്ത്ര വ്യാപാര സ്ഥാപനം കത്തി നശിച്ചു

സ്വലേ

Nov 08, 2019 Fri 04:07 PM

മലപ്പുറം: മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ വസ്ത്ര വ്യാപാര സ്ഥാപനം കത്തി നശിച്ചു. മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.മോഷണം നടത്തിയതിന് ശേഷം തീയിട്ടതെന്നാണ് സംശയം. കടയുടെ ഭിത്തി തുരന്ന നിലയില്‍ കണ്ടെത്തിയതാണ് ഇത്തരത്തിലൊരു സംശയത്തിന് വഴിവെച്ചത്. 


വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടയ്ക്ക് തീപിടിച്ചത്. ഇരുനിലകളിലായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇവ പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. തിരൂരില്‍ നിന്നും രണ്ട് അഗ്‌നിശമനസേന യൂണിറ്റുകള്‍ എത്തിയ ശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്റേതാണ് വസ്ത്രസ്ഥാപനം. സംഭവത്തില്‍ കാടാമ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

  • HASH TAGS