പിഎസ്‌സി പോലീസ് റാങ്ക് പട്ടിക ; ഈ മാസം 21, 22 തീയതികളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശ കൈമാറും

സ്വന്തം ലേഖകന്‍

Nov 19, 2019 Tue 04:41 AM

കേരളാ ആംഡ് പോലീസ് ബറ്റാലിയന്‍ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് വിവാദമായ പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നും നിയമന ശുപാര്‍ശ നല്‍കാന്‍ പി എസ് സി യോഗം തീരുമാനിച്ചു. ഈ മാസം 21, 22 തീയതികളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശ കൈമാറും. ബയോമെട്രിക് വെരിഫിക്കേഷന് വിധേയമായതിനു ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടാകും നിയമന ശുപാര്‍ശ കൈമാറുക. 

ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈല്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്നും ആധാര്‍ ഹാജരാക്കണമെന്നും പി എസ് സി അറിയിച്ചു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന പി എസ് സി യോഗമാണ് വിവാദമായ പട്ടികയിലെ ഉദ്യോഗര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയക്കാന്‍ തീരുമാനിച്ചത്. പരീക്ഷാ ക്രമക്കേടില്‍ പ്രതികളായ മൂന്ന് പേര്‍ ഒഴികെ മറ്റ് ഉദ്യോഗാര്‍ത്ഥികളെ പട്ടികയില്‍ നിന്നും നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


പട്ടികയിലെ ഉദ്യോഗര്‍ത്ഥികള്‍ നേരത്തെ ഇതെ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും പി എസ് സി ചെയര്‍മാനും പ്രത്യേക നിവേദനവും നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയില്‍ തീരുമാനം കൈകൊണ്ടത്.


  • HASH TAGS