വെയിൽ സിനിമയുടെ കരാർ ലംഘനം നടത്തി ഷെയ്‌ൻ നിഗം

സ്വലേ

Nov 25, 2019 Mon 06:57 PM

വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും കനക്കുന്നു.നിർമാതാവ് ജോബി ജോർജുമായുള്ള ഷെയ്‌ൻ നിഗമിൻ്റെ പ്രശ്നം കൂടുതൽ വഷളാവുന്ന സൂചനയാണ് ലഭിക്കുന്നത്. കരാർ ലംഘിച്ച് താരം താടിയും മുടിയും വെട്ടിയുള്ള ദൃശ്യങ്ങൾ പോസ്റ്റ് ചെയ്‌തിരിക്കുകയാണ്.   താടി ക്ലീൻ ഷേവ് ചെയ്തും മുടി ക്രൊപ്പ് ചെയ്തുമാണ് ഷെയ്‌ൻ കരാർ ലംഘനം നടത്തിയത്.


നേരത്തെ വെയിൽ എന്ന സിനിമയുടെ നിർമാതാവ് ജോബി ജോർജ് തന്നെ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ഷെയ്‌ൻ നിഗം രംഗത്തെത്തിയിരുന്നു.ശേഷം അമ്മ അസോസിയേഷനും നിർമാതാക്കളുടെ സംഘടനയുമായി നടത്തിയ ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ൻ ഉറപ്പുനൽകിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഈ വിഷയത്തിൽ വിവാദമുണ്ടായി. വെയിലിൻ്റെ സെറ്റിൽ കൃത്യമായി എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയിനിനെ ഇനി സിനിമകളിൽ അഭിനയിപ്പിക്കേണ്ട എന്ന് തീരുമാനമെടുത്തു. തുടർന്ന്, സിനിമയുടെ സംവിധായകൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും 16 മണിക്കൂർ വരെ ഷൂട്ട് നടത്തി തന്നെ ബുദ്ധിമുട്ടിച്ചുവെന്നും വിശദീകരിച്ച് ഷെയ്‌ൻ രംഗത്തെത്തി. കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയിൽ താരം ഇറങ്ങിപ്പോയത് വീണ്ടും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് താടിയും മുടിയും മുറിച്ച് ഷെയിൻ  പ്രതിഷേധിച്ചത്.

  • HASH TAGS