ഏട്ടന്റെ മീനുവിന് ഇനി ചലിക്കാം സ്വന്തമായി

സ്വന്തം ലേഖകന്‍

Nov 28, 2019 Thu 06:42 AM

തിരുവനന്തപുരം : സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളുടെ ശ്രദ്ധനേടിയ മനുവിനെയും മീനുവെന്ന സഹോദരിയെയും അത്രപെട്ടെന്നാരും മറക്കില്ല. സ്വന്തം വിവാഹനിശ്ചയ ദിനത്തില്‍ പോലും പൊന്നനിയത്തിയെ എടുത്തുകൊണ്ട് നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ദ നേടിയിരുന്നു.


എന്നാല്‍ കരളലിയിപ്പിക്കുന്ന ആ സ്‌നേഹത്തിന് താങ്ങായി ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് കരകൗശല ബോര്‍ഡ് ചെയര്‍മാന്‍ കെഎസ് സുനില്‍കുമാറും സുഹൃത്തുക്കളും. എഴുപതിനായിരം രൂപ വിലവരുന്ന ഇലക്ട്രിക്കല്‍ വീല്‍ ചെയറാണ് മീനുവേണ്ടി നല്‍കിയത്. വീല്‍ചെയറിന്റെ പ്രവര്‍ത്തനമെല്ലാം വളരെ പെട്ടെന്നു തന്നെ മീനു പഠിച്ചെടുക്കുകയും ചെയ്തു. സ്വയം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ മീനുവിന് ഈ വീല്‍ചെയര്‍. പുതിയ വീല്‍ചെയര്‍ കൂടി എത്തിയതോടെ പഴയ ഒറ്റമുറി വീട്ടില്‍ നിന്നും വീല്‍ ചെയറിന് സ്ഥലപരിമിതി പ്രശ്നമാകാത്ത കുറച്ചുകൂടി സൗകര്യമുള്ള വീട്ടിലേക്ക് മാറിയിരിക്കുകയാണ് ഇരുവരും. മനുവിന്റെ കല്യാണ നിശ്ചയദിവസം മീനുവിനെ എടുത്തു നടക്കുന്നത് സുഹൃത്തുക്കള്‍ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഇരുവരും വൈറലായത്.

  • HASH TAGS
  • #Meenu
  • #manumeenu