കാറിനുള്ളിൽ തൊഴില്‍ വകുപ്പ്ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

സ്വലേ

Dec 02, 2019 Mon 12:37 AM

കണ്ണൂരിൽ കാറിനുള്ളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. പൊന്നാനി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഇ.വി. ശ്രീജിത്തിനെയാണ് മരിച്ച നിലയിൽ കാറിൽ കണ്ടെത്തിയത് . മരണകാരണം വ്യക്തമായിട്ടില്ല.


താലൂക്ക് ഓഫീസ് വളപ്പില്‍ ലേബര്‍ കോടതിയുടെ മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മുന്‍ഭാഗത്ത് ഇടതുവശത്തെ സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. 


വാഹനത്തിന്റ മുന്‍വശത്തെ റിയര്‍ ക്യാമറ സ്ക്രീന്‍ താഴേയ്ക്ക് വീണുകിടക്കുന്ന അവസ്ഥയിലാണ്. കാറിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം ഉണ്ടായിട്ടുണ്ടോയെന്ന് സംശയമുണ്ട്. എന്നാല്‍ മരണം സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ പൊലീസിനായിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • HASH TAGS
  • #kannur