വീടുകളില്‍ ഇനി വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരം; സര്‍ക്കുലറുമായി എക്‌സൈസ്

സ്വലേ

Dec 03, 2019 Tue 05:48 PM

തിരുവനന്തപുരം:  ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ വരാനിരിക്കെ  കര്‍ശന മുന്നറിയിപ്പുമായി  എക്‌സൈസ്. വീടുകളില്‍ ഇനി മുതല്‍ വൈന്‍ നിര്‍മ്മിച്ചാല്‍ അബ്കാരി നിയമം പ്രകാരം ജാമ്യംകിട്ടാത്ത കുറ്റമാകുമെന്ന്  എക്‌സൈസ് സര്‍ക്കുലറില്‍ പറയുന്നു.


ക്രിസ്മസ് ആഘോഷത്തിന് വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്നും ഹോംമെയ്ഡ് വൈന്‍ വില്‍പനയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്‌സൈസ് നിരീക്ഷിക്കുകയും ചെയ്യും. 


അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മ്മാണം  കൂടി വരുന്നുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം തന്നെ ഒരുക്കും. ഇതിനൊപ്പം കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.


റെയ്ഡ് അടക്കം അടിയന്തര നടപടികളും സ്വീകരിച്ചേക്കും. ഇതിനായി ഓരോ ജില്ലയിലും സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും.

  • HASH TAGS
  • #വൈൻ