മാധ്യമ പ്രവർത്തകൻ കെഎം ബഷീർ മരിച്ചിട്ട് നാല് മാസം; വാട്‌സ്ആപ്പിൽ നിന്നും ഇന്നലെ രാത്രി ലെഫ്റ്റ് ആയി; മരണത്തിൽ ദുരൂഹത

സ്വലേ

Dec 04, 2019 Wed 01:33 AM

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മരണപ്പെട്ട മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മൊബൈൽ ഫോൺ ആരോ ഉപയോഗിക്കുന്നതായി   സൂചന. കെഎം ബഷീർ  മരണപെട്ടു മാസങ്ങൾ  പിന്നിടുന്നതിനിടെയാണ് വാട്‌സ്ആപ്പിനായി  ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ അദ്ദേഹം  അംഗമായ മാധ്യമ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽനിന്നും കുടുംബ ഗ്രൂപ്പിൽനിന്നും ഇന്നലെ രാത്രിയോടെ ലെഫ്റ്റായതായി കാണിക്കുന്നത്. ഇതോടെ കേസിൽ ദുരൂഹത വർധിക്കുകയാണ്. 


ഈ ഗ്രൂപ്പുകളിൽ നിന്നും ലെഫ്റ്റ് ആയി കണ്ടതോടെയാണ് ബഷീറിന്റെ ഫോൺ ആരോ ഉപയോഗിക്കുന്നതായി സംശയം ഉണ്ടായത്.  സംഭവത്തിൽ പോലീസ് സൈബർ വിദഗ്ധരുടെ സഹായം നേടിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫീസിനു മുന്നിൽവച്ച് കെഎം ബഷീർ വാഹനാപകടത്തിൽ മരിക്കുന്നത്. അപകടം നടന്ന സ്ഥലത്ത് വെച്ച്  നഷ്ടപ്പെട്ട ഫോൺ പോലീസിന് ഇതുവരെ കണ്ടെത്താനായില്ല. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫോണിലേക്കു സഹപ്രവർത്തകർ വിളിച്ചെങ്കിലും ആരും ഫോണെടുത്തിരുന്നില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.


ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഫോൺ കണ്ടെത്തേണ്ടത് നിർണ്ണായകമാണ്. ഫോൺ ഉപയോഗിക്കാതിരുന്നാൽ വാട്സാപ് ഗ്രൂപ്പുകളിൽനിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാധ്യതയില്ലെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്.

  • HASH TAGS