കെഎഎസ് പരീക്ഷ ഫെബ്രവരി 22 ന്

സ്വന്തം ലേഖകന്‍

Dec 05, 2019 Thu 10:44 PM

തിരുവനന്തപുരം : കെഎഎസ് പരീക്ഷ ഫെബ്രവരി 22 ന് നടത്താന്‍ പിഎസ്‌സി തീരുമാനിച്ചു. പ്രാഥമിക പരീക്ഷയാണ്  ഫെബ്രവരി 22 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പരീക്ഷ ആദ്യമായാണ് പിഎസ്‌സി സംഘടിപ്പിക്കുന്നത്. അപേക്ഷ നല്‍കിയവര്‍ ഡിസംബര്‍ 25നകം ഒറ്റത്തവണ റജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി പരീക്ഷ എഴുതുമെന്നുള്ള കണ്‍ഫര്‍മേഷന്‍ നല്‍കണം. കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ല. ഇവരുടെ അപേക്ഷ പിഎസ്സി നിരസിക്കും. പരീക്ഷാ സമയം തീരുമാനിച്ചിട്ടില്ല. കണ്‍ഫര്‍മേഷന്‍ നല്‍കേണ്ട അവസാന തീയതിക്കു ശേഷമേ സമയം പ്രഖ്യാപിക്കൂ. മൂന്നു സ്ട്രീമുകളിലുമായി 5,76,243 പേര്‍ കെഎഎസിന് അപേക്ഷ നല്‍കിയിട്ടുണ്ട്.ഒബ്ജക്ടീവ് രീതിയില്‍ നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്ക് 100 മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. സമയം 90 മിനിറ്റ് വീതം. പ്രാഥമിക പരീക്ഷ വിജയിക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷയുണ്ട്. വിവരണാത്മക രീതിയില്‍ നടക്കുന്ന മെയിന്‍ പരീക്ഷയ്ക്ക് 3 പേപ്പറുകളാണുള്ളത്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് അഭിമുഖംകൂടി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 50 മാര്‍ക്കിന്റെ അഭിമുഖമാണ് നടത്തുക. മെയിന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. 


  • HASH TAGS