പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ

സ്വലേ

Dec 11, 2019 Wed 06:14 PM

ന്യൂഡൽഹി:  പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. എന്നാൽ  ബില്ലിനെതിരെ പരമാവധി വോട്ടു സമാഹരിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട് . ഇരുപാർട്ടികളും അംഗങ്ങൾക്കു വിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ലോക്‌സഭയിൽ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ എതിർക്കുമെന്നാണ് റിപ്പോർട്ട്. ലോക്‌സഭയിൽ ബില്ലിനെ അനുകൂലിച്ച മഹാരാഷ്ട്ര സഖ്യകക്ഷിയായ ശിവസേനയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരോക്ഷമായി വിമർശിച്ചിരുന്നു.ബുധനാഴ്ച ഉച്ചയ്ക്കു രണ്ടുമുതൽ രാത്രി എട്ടുവരെയാണ് രാജ്യസഭയിൽ പൗരത്വ ബില്ലിന്മേൽ ചർച്ച നടക്കുക. നിലവിൽ 238 അംഗങ്ങളാണ് സഭയിലുള്ളത്. ബിൽ പാസാവാൻ 120 പേരുടെ പിന്തുണ വേണം. ബിജെപിയുടെ 83 സീറ്റടക്കം എൻഡിഎയ്ക്ക് നിലവിൽ 105 അംഗങ്ങളാണുള്ളത്. എഐഎഡിഎംകെ-11, ബിജെഡി-7, വൈഎസ്ആർ കോൺഗ്രസ്-2, ടിഡിപി-2 എന്നീ കക്ഷികളിൽനിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബിജെപി വൃത്തങ്ങൾ പറയുന്നത്.എങ്കിൽ 127 പേരുടെ പിന്തുണയാവും. അതേസമയം, ഇതിനിടെ ബില്ലിനെ പിന്തുണക്കുന്നതിൽ നിന്ന് ജെഡിയുവിനെ പിൻമാറ്റാനുള്ള ശ്രമങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ നടക്കുന്നുണ്ട്. ലോക്സഭയിൽ ബില്ലിനെ പിന്തുണച്ചത് പാർട്ടി ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ച് പാർട്ടി ഉപാധ്യക്ഷൻ പ്രശാന്ത് കിഷോറടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ആറ് അംഗങ്ങളാണ് ജെഡിയുവിന് രാജ്യസഭയിലുള്ളത്.

  • HASH TAGS
  • #രാജ്യസഭാ