പാണന്റെ പാട്ടില്‍ പാടാതെ പോയ കഥ..... മാമാങ്കം

സ്വന്തം ലേഖകന്‍

Dec 13, 2019 Fri 03:46 AM

മികച്ച സാങ്കേതിക മികവോടെ മലയാളത്തിന്റെ പരിമിധികളില്‍ നിന്ന് ഒരുക്കിയ ചിത്രമാണ് മാമാങ്കം. പാണന്റെ പാട്ടുകളില്‍ പോലും പാടാന്‍ മറന്ന മാമാങ്ക കഥകള്‍ മികച്ച ദൃശ്യാവിഷ്‌കാരത്തോടെയാണ് സംവിധായകന്‍ പദ്മകുമാര്‍ ഒരുക്കിയിരിക്കുന്നത്. നാല്‍പതു വര്‍ഷം മുന്‍പുള്ള പ്രേം നസീറിന്റെ ചന്തുണ്ണിയുടെ കഥയോട് കുറെ കൂടി ചരിത്രവും സാങ്കേതിക മികവും കൂട്ടിച്ചേര്‍ത്ത ചിത്രം. വെറുമൊരു പോരാട്ടകഥയല്ല മാമാങ്കം. മറ്റു ചരിത്ര സിനിമകളെ പോലെ ആക്ഷന്റെ അതിപ്രസരവും, ഇല്ലാത്ത കഥമെനഞ്ഞെടുത്തതുമായ കഥയല്ല മാമാങ്കത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. കൂറെ കൂടി ചരിത്രത്തിന് ഊന്നല്‍ നല്‍കിയ സിനിമയാണ്. ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത മമ്മൂട്ടി തന്നെ. മൂന്നു ഗെറ്റഅപ്പില്‍ അദ്ദേഹം തകര്‍ത്ത് അഭിനയിച്ചു. സ്‌ത്രൈണതയുള്ള ഗെറ്റപ്പും മികച്ച രീതിയിലാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. 
സിദ്ധിഖിന്റെതും ഉണ്ണി മുകുന്ദന്റെതും മാസ്‌ററര്‍ അച്യതന്റെയും പ്രകടനം എടുത്തു പറയേണ്ടതു തന്നെ. ചിത്രത്തിനായി ഒരുക്കിയ ബ്രഹ്മാണ്ഡ സെറ്റുകളും തിരഞ്ഞെടുത്ത ലൊക്കേഷനുകളും ചിത്രത്തിനു മുതല്‍ക്കൂട്ടാവുന്നുണ്ട്. മറ്റൊരു കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന രംഗസജ്ജീകരണങ്ങള്‍ പ്രേക്ഷകരെ വേറൊരു കാലഘട്ടത്തിലേക്കാണ് കൊണ്ടുപോയത്.  മറ്റു ചരിത്ര സിനിമകളെ പോലെ വെറും പേരിനല്ല സിനിമയിലെ സ്ത്രീകഥാപാത്രങ്ങളും. മലയാള സിനിമയില്‍ ആദ്യമായെത്തുന്ന നടി  പ്രാചി തെഹ്‌ലാന്‍, അനു സിത്താര, കവിയൂര്‍ പൊന്നമ്മ, നിലമ്പൂര്‍ ആയിഷ, വത്സല മേനോന്‍, ടി. പാര്‍വതി, സജിതാ മഠത്തില്‍ എന്നിവരും മികച്ച രീതിയില്‍ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. എന്നാല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്. മൂക്കുത്തി എന്നു തുടങ്ങുന്ന ഗാനം മിക്ക പ്രേക്ഷകരും സിനിമയ്ക്ക് വിപരീതമായുള്ള പാട്ട് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.മനോജ് പിള്ളയുടെ ഛായാഗ്രഹണവും രാജാ മുഹമ്മദിന്റെ എഡിറ്റിങ്ങും  ചരിത്രസിനിമയോട് നീതിപുലര്‍ത്തുന്ന രീതിയിലുള്ളതാണ്. കേരളത്തിന്റെ തനതായ ആയോധന  കലാപാരമ്പര്യത്തോടും കളരി മികവിനോടുമെല്ലാം സമരസപ്പെടുന്ന രീതിയിലാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങളും ഒരുക്കിയിരിക്കുന്നത്. സഞ്ചിത് ബല്‍ഹാര, അങ്കിത് ബല്‍ഹാര എന്നിവര്‍ പശ്ചാത്തലസംഗീതവും ആസ്വാദ്യകരമാകുന്നുണ്ട്.   • HASH TAGS