റേഷന്‍ കട വഴി ഇനി മാംസാഹാരം ലഭിച്ചു തുടങ്ങും

സ്വലേ

Dec 19, 2019 Thu 04:48 PM

ന്യൂഡല്‍ഹി:  അധികം വൈകാതെ റേഷന്‍ കട വഴി  ഇനി  മാംസാഹാരം ലഭിച്ചു തുടങ്ങും. പുതിയ  പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയിലാണ് നീതി ആയോഗ്. പ്രോട്ടീന്‍  അടങ്ങിയ മാംസാഹാരം സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക്  നല്‍കിയാല്‍ പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ രാജ്യത്ത് ഏറെക്കുറെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍.പ്രമുഖ എന്‍ജിഒ ആയ ‘വെല്‍റ്റ് ഹങ്കര്‍ ഹല്‍ഫെറ്റി’ അടുത്തിടെ പുറത്തുവിട്ട ആഗോള പട്ടിണി സൂചികയില്‍ പാകിസ്താനിലും പിന്നിലായിട്ടാണ് ഇന്ത്യയുടെ സ്ഥാനം. 102ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 117 രാജ്യങ്ങളാണ് പട്ടിണി സൂചികയില്‍ ഉണ്ടായിരുന്നത്. കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍വേ നടത്തിയത്.നീതി ആയോഗിന്റെ 15 വര്‍ഷ പദ്ധതികള്‍ അടങ്ങിയ ദര്‍ശനരേഖ 2035-ല്‍ ഈ നിര്‍ദേശം സ്ഥാനം പിടിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷമാദ്യം ദര്‍ശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നടപ്പിലാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

  • HASH TAGS