ഡിഎംകെയുടെ മഹാറാലിക്ക് ഹൈക്കോടതിയുടെ അനുമതി

സ്വന്തം ലേഖകന്‍

Dec 23, 2019 Mon 06:59 AM

ചെന്നൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഡിഎംകെയുടെ മഹാറാലിക്ക്  ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. ഡിഎംകെ നേതൃത്വത്തിലുള്ള റാലി മുഴുവന്‍ വിഡിയോയില്‍ പകര്‍ത്തണം, അക്രമങ്ങള്‍ ഉണ്ടാകരുത്, പൊതുമുതല്‍ നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് അനുമതി നല്‍കിയത്. ഒരു ലക്ഷം പേരേ അണിനിരത്തുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഡിഎംകെ കഴിഞ്ഞ ദിവസം മഹാറാലിക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഗതാഗത കുരുക്ക് ഉണ്ടാകും, പൊതുമുതല്‍ നശിപ്പിക്കാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഞായാറാഴ്ച രാവിലെ ഇന്ത്യന്‍ മക്കന്‍ കക്ഷി എന്ന പാര്‍ട്ടി കോടതി സമീപിച്ചിരുന്നു. എന്നാല്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് ഹര്‍ജി പരിഗണിച്ച പ്രത്യേക ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിപ്പിക്കരുത്, പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്, പ്രതിഷേധം മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം തുടങ്ങിയ ഉപാധികളോടെയാണ് പ്രതിഷേധ റാലിക്ക് കോടതി അനുമതി നല്‍കിയത്.  ജനാധിപത്യ സമൂഹത്തില്‍ സമരങ്ങള്‍ നിരോധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചട്ടങ്ങള്‍ പാലിക്കാമെന്ന് ഡിഎംകെ വ്യക്തമാക്കി.


  • HASH TAGS