കുവൈത്തില്‍ റംസാന്‍ മാസത്തില്‍ യാചനക്ക് പിടിക്കപ്പെട്ടാല്‍ നാടുകടത്തും

സ്വന്തം ലേഖകന്‍

May 01, 2019 Wed 06:48 AM

കുവൈത്ത് :  റംസാന്‍ ആഘോഷിച്ചോളൂ .പക്ഷെ ചിലതൊക്കെ ശ്രദ്ധിക്കണം എന്നുമാത്രം .റംസാന്‍   മാസത്തില്‍ കുവൈത്തില്‍ യാചനക്ക് പിടിക്കപ്പെട്ടാല്‍ കുടുംബസമേതം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റംസാന്‍ മാസത്തില്‍ യാചന പിടികൂടാന്‍ മഫ്തി വേഷത്തിലുള്ള പൊലീസുകാരെയും വനിതാ പൊലീസിനെയും നിയോഗിക്കും. യാചനയ്ക് പിടിക്കപ്പെട്ടാല്‍  ഉടന്‍ തന്നെ നാടുകടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി.  പ്രധാന വിപണികളിലും വ്യാപാര സമുച്ചയങ്ങളിലും പള്ളികളിലും പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിക്കുന്നുണ്ട്.


കമ്പനി  ജീവനക്കാര്‍ പിടിക്കപ്പെട്ടാല്‍ കമ്പനി  വന്‍ തുക പിഴ നല്‍കേണ്ടി വരും. സ്ത്രീകളാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഭര്‍ത്താവും മക്കളുമുള്‍പ്പെടെ കുവൈത്ത് വിടേണ്ടി വരും. ഗാര്‍ഹികത്തൊഴിലാളികള്‍ യാചനക്കിടെ പിടിക്കപ്പെട്ടാല്‍ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടിയെടുക്കും.  കമ്പനികള്‍ക്ക് കീഴില്‍ സന്ദര്‍ശന വിസയില്‍ എത്തിയവരാണ് യാചനയിലേര്‍പ്പെട്ടതെങ്കിലും സ്‌പോണ്‍സറിങ് കമ്പനിയുടെ ഫയല്‍ മരവിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കര്‍ശന നിയമമാണ് റംസാന്‍മാസത്തില്‍ യാചനയ്‌ക്കെതിരെ കൈക്കൊള്ളുന്നത് 


  • HASH TAGS
  • #gulf
  • #kuwait