കൈപിടിച്ച് കേരളം : യുഡിഎഫ് -19 എല്‍ഡിഎഫ് 1

സ്വന്തം ലേഖകന്‍

May 24, 2019 Fri 01:13 AM

തിരുവനന്തപുരം : മോദി തരംഗം ഇന്ത്യയിലാകെ അലയടിച്ചപ്പോള്‍ കേരളത്തിന്റെ കൈപിടിച്ച് കയറിയിരിക്കുകയാണ് യുഡിഎഫ്. ഇരുപതില്‍ പത്തൊന്‍പത് സീറ്റും വന്‍ ഭുരിപക്ഷത്തോടെ വിജയിച്ച് കേരളത്തില്‍ യുഡിഎഫ് വിജയിച്ചിരുക്കുന്നു. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വ്യക്തമായ ഭുരിപക്ഷം നിലനര്‍ത്താന്‍ കോണ്‍ഗ്രസിനു സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. എന്നാല്‍ മോദി തരംഗവും ശബരിമലയും തുണക്കുമെന്നു കരുതിയ ബിജെപിക്ക് ഇക്കുറി അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ നിരാശരാകേണ്ടി വന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാലുലക്ഷത്തിലേറെ ഭൂരിപക്ഷത്തോടെ വിജയിച്ച് കേരളത്തില്‍ ചരിത്രം കുറിക്കുകയാണ് ചെയ്തത്. ചെങ്കോട്ടയായ കാസര്‍ഗോഡ് സതീഷ് ചന്ദ്രനെ പിന്‍തള്ളി മികച്ച വിജയമാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ നേടിയത്. കണ്ണൂരിലും കരുത്തുറ്റ വിജയമാണ് കെ.സുധാകരന്‍ നേടിയത്. 

ഇടതുപക്ഷം ഉറച്ച വിജയപ്രതീക്ഷ പുലര്‍ത്തിയ ആലത്തൂര്‍ മണ്ഡലത്തില്‍ ഒന്നര ലക്ഷത്തിലധികം റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് രമ്യ ഹരിദാസ് വിജയിച്ച് കയറിയത്. ഇടതും വലതും ശക്തമായ മത്സരം നടക്കുമെന്ന് കരുതിയ ഇവിടെ ഒരു തവണ പോലും ലീഡ് നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ന് സാധിച്ചില്ല. 

വടകരയില്‍ ജയരാജന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇടതു കോട്ട എല്‍ഡിഎഫ് തിരിച്ചു പിടിക്കുമെന്ന് കരുതിയെങ്കിലും കെ.മുരളീധരന്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥി വന്നതോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ് എല്‍ഡിഎഫ്. യുഡിഎഫിന്റെ എക്കാലത്തെയും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് വടകരയില്‍ നിന്നും മുരളീധരന്‍ വിജയിച്ചു കയറിയത്. 

പാലക്കാട് സിറ്റിംങ് സീറ്റ് ഉറപ്പിച്ചിരുന്ന എംബി രാജേഷിനെ തോല്‍പ്പിച്ച് അട്ടിമറി വിജയത്തോടെ ഇടത് കോട്ട തിരിച്ചു പിടിച്ചിരിക്കുകയാണ് വി.കെ ശ്രീകണ്ഠന്‍. തിരുവനന്തപുരത്ത് താമര വിരിയിക്കാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ എത്തിയെങ്കിലും മികച്ച മുന്നേറ്റം നടത്തി രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങി. ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും അനുകൂലമായ വന്ന തിരുവനന്തപുരത്ത് സിറ്റിംങ് സീറ്റ് നിലനിര്‍ത്തി ശശി തരൂര്‍ വിജയിച്ചു കയറി.

തൃശൂരും പത്തനംതിട്ടയിലും ബിജെപി മുന്നേറുമെന്ന് കരുതിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. എല്ലായിടത്തും യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയപ്പോള്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫ് ന് സീറ്റ് നേടാന്‍ കഴിഞ്ഞത്. ശബരിമല വിഷയവും ഭരണവിരുദ്ധവികാരവും എല്‍ഡിഎഫിന് വിനയായി. ദേശീയതലത്തിലെ ബിജെപി വിരുദ്ധ മുന്നണിക്ക് വേണ്ടി ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചു എന്നതും യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന് കാരണമായെന്ന് വിലയിരുത്തുന്നു.


  • HASH TAGS