അഞ്ചാം നമ്പറില്‍ ധോണിയെന്ന വജ്രാസ്ത്രം; സച്ചിന്‍

സ്വന്തം ലേഖകന്‍

May 24, 2019 Fri 07:24 PM

എം.എസ് ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മെയ് 30-ന് ഇംഗ്ലണ്ടില്‍ വച്ചു നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീം നിരയില്‍ അഞ്ചാമനായി ധോണിയെ ഇറക്കുന്നത് എറെ ഗുണം ചെയ്യുമെന്നാണ് സച്ചിന്റെ വിലയിരുത്തല്‍.


'ഈ വര്‍ഷം നടന്ന ഏകദിനങ്ങളില്‍ ധോണി മികച്ച ഫോമിലാണ്. അദ്ദേഹം അഞ്ചാം നമ്പറില്‍ ബാറ്റു ചെയ്യണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ടീം കോമ്പിനേഷന്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്നാല്‍, രോഹിത്-ധവാന്‍ എന്നിവര്‍ ഓപ്പണിങ്ങിലും, കോഹ്‌ലി മൂന്നാമതും, നാലാമത് ആരായാലും ധോണി അഞ്ചാമനായി ഇറങ്ങണം' എന്നായിരുന്നു സച്ചിന്‍ വ്യക്തമാക്കിയത്.


കളിയുടെ വേഗം നിയന്ത്രിക്കാന്‍ സാധിക്കുന്ന കളിക്കാരനാണ് താനെന്ന് ധോണി തെളിയിച്ചിട്ടുണ്ട്. അതുതന്നെയാണ് നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ അദ്ദേഹത്തെ അപകടകാരിയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധോണിക്കു ശേഷം വമ്പനടിക്ക് പേരു കേട്ട ഹര്‍ദിക് ഇറങ്ങുന്നതും ടീമിന് ഗുണം ചെയ്യുമെന്നാണ് വിലയിരത്തല്‍.


ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ വിലയിരുത്തലുകള്‍ കൂടി കഴിഞ്ഞതോടെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്ങ് കോമ്പിനേഷന്‍ എങ്ങനെയായിരിക്കും എന്നുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.


  • HASH TAGS