അതിഥി തൊഴിലാളികളുടെ യാത്രചിലവിനായുള്ള കോണ്‍ഗ്രസിന്റെ പണം വാങ്ങില്ലെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

May 05, 2020 Tue 06:16 PM

അതിഥി തൊഴിലാളികളുടെ യാത്രചിലവിനായുള്ള പണം സംസ്ഥാന സര്‍ക്കാര്‍ അല്ല വഹിക്കുന്നതെന്നും യാത്രചിലവിനായി കോണ്‍ഗ്രസ് നല്‍കുന്ന പണം വാങ്ങിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളുടെ യാത്രചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് വഹിക്കുമെന്ന് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചിരുന്നു. ഇതെ തുടര്‍ന്ന് എറണാകുളം കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര്‍ കളക്ടര്‍ക്ക് തുക കൈമാറാന്‍ ശ്രമിച്ചെങ്കിലും ഇത് ആരും കൈപ്പറ്റിയിരുന്നില്ല. ഇതു സംബന്ധിച്ച് വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തിന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. 
ഇതിനെതിരെ ശകതമായ പ്രതിഷേധവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വത്തിന് അനുസരിച്ച് പെരുമാറണമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ ഇരിക്കുന്ന കസേരയുടെ മഹത്വം നന്നായി അറിയാമെന്നും മഹത്വം അറിയാവുന്നതുകൊണ്ടാണ് പലതും തുറന്നടിച്ച് പറയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ പണം വാങ്ങുന്നതില്‍ വലിയ അഭിമാനകുറവുണ്ടോ എന്ന ചോദ്യത്തിന് എന്റെ വ്യക്തിപരമായ കാര്യമല്ല ഇത് അഭിമാനകുറവ് തോന്നാന്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
  • HASH TAGS