5 കോടി സംഭാവന : ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ പരാതി

സ്വന്തം ലേഖകന്‍

May 06, 2020 Wed 04:13 PM

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 5 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന് ദേവസ്വം ബോര്‍ഡിനെതിരെ പരാതി. കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെബി മോഹന്‍ദാസ് തൃശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് കളക്ടര്‍ എസ്. ഷാനവാസിന് ചെക്ക് കൈമാറിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ബിജേഷ് എന്ന ആളാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ പ്രളയ കാലത്ത് ദേവസ്വം ബോര്‍ഡ് 5 കോടി രൂപ ദുരാതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന വേളയിലാണ് ഇത്തരമൊരു നീക്കം എന്ന് ആരോപണം ഉയരുന്നുണ്ട്.   ദേവസ്വം ഭരണഘടനയുടെ 27-ാം വകുപ്പിന്റെ പരസ്യമായ ലംഘനമാണിത്. ദേവസ്വം സ്വത്ത് അനധികൃതമായി ഉപയോഗിക്കരുതെന്ന് പല കേസുകളിലും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം വരുമാനം ക്ഷേത്ര കാര്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിയമം പറയുന്നുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. ബിജെപിയും നിരവധി ഹിന്ദു സംഘടനകളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.   • HASH TAGS