പാസില്ലാതെ ആരും അതിര്‍ത്തി കടക്കരുതെന്ന് ഹൈക്കോടതി ; വാളയാര്‍ അതിര്‍ത്തിയില്‍ ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രം പാസ് നല്‍കാന്‍ നിര്‍ദേശിച്ചു

സ്വന്തം ലേഖകന്‍

May 10, 2020 Sun 03:49 PM

പാസില്ലാതെ ആരും അതിര്‍ത്തി കടക്കരുതെന്ന് ഹൈക്കോടതി. എന്നാല്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയ മലയാളികള്‍ക്ക് മാത്രം അടിയന്തരമായി യാത്രാ പാസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളികളുടെ ഹര്‍ജിയിലാണ് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വാളയാറില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് മാത്രം പാസ് നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി ഗര്‍ഭിണികള്‍,കുട്ടികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു. രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ന്ന് വരുന്ന ചില മാര്‍ഗ നിര്‍ദേശങ്ങളുണ്ട്. ഇതില്‍ മാറ്റം വരുത്താനോ കുറവ് വരുത്താനോ ഇടപെടുന്നതിന് കോടതിക്ക് പരിധിയുണ്ട്. പാസ് ലഭിച്ചൂവെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ യാത്ര പുറപ്പെടാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണമെന്നും കോടതി വ്യക്തമാക്കി.അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റെയിനില്‍ കഴിയണം.  നിലവില്‍ 140000 പേര്‍ പാസിന് അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ 26000 പേര്‍ നാട്ടിലെത്തി. മൊത്തം 59000 പേര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. വീട്ടില്‍ ക്വാറന്റെയിന്‍ സംവിധാനം ഇല്ലാത്തവര്‍ അറിയിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. പാസില്ലാതെ അതിര്‍ത്തി വിട്ടാല്‍ രോഗ വ്യാപനം തടയുന്നതിലും മറ്റും സര്‍ക്കാറിന് രേഖകള്‍ കൈവശമുണ്ടാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.  • HASH TAGS