ഇന്ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

സ്വന്തം ലേഖകന്‍

May 12, 2020 Tue 03:21 PM

മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഇന്ന് വൈകീട്ട് 8 മണിക്ക് അഭിസംബോധന ചെയ്യും. കോവിഡ് വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നാലാം ഘട്ട ലോക്ക്ഡൗണിലേക്ക് രാജ്യം നീങ്ങുമോ എന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.


രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ 15 നുള്ളില്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാന്‍ വിഡിയോ കോണ്‍ഫറന്‍സിംഗിനിടെ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ഇന്ന് പ്രധാനമന്ത്രി തീരുമാനം അറിയിച്ചേക്കും.


നിയന്ത്രണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന നിര്‍ദേശവും മുന്നോട്ട് വന്നിരുന്നു. ഇന്ന് രാത്രി പ്രധാനമന്ത്രി സംസാരിക്കുന്നതോടെ കാര്യങ്ങള്‍ കുറെ കൂടി വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാറുകള്‍.  • HASH TAGS