ഉറക്കത്തില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു? ; ഉത്രയുടെ മരണത്തില്‍ ഭര്‍ത്താവും സഹായികളും കസ്റ്റഡിയില്‍

സ്വന്തം ലേഖകന്‍

May 24, 2020 Sun 12:22 PM

കൊല്ലം അഞ്ചലില്‍  പാമ്പ് കടിയേറ്റ് യുവതി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവും രണ്ട് സഹായികളും പൊലീസ് കസ്റ്റഡിയില്‍.ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും പാമ്പ്  പിടുത്തക്കാരായ രണ്ട് സഹായികളുമാണ് കസ്റ്റഡിയിലുളളത്. ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25)യാണ് വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ  കടിയേറ്റു മരിച്ചത്. ഉത്ര മരിച്ച ശേഷമുള്ള സൂരജിന്റെ പെരുമാറ്റത്തിലെ പന്തികേട് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഉത്രയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. സൂരജ് പാമ്പ് പിടുത്തക്കാരില്‍ നിന്നും പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്ക് വാങ്ങിയതാണെന്നാണ് റിപ്പോര്‍ട്ട്.സൂരജിന് പാമ്പ്  പിടുത്തക്കാരുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളെയും രണ്ടു സഹായികളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഉറക്കത്തില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന.  മാര്‍ച്ച്‌ രണ്ടിനു സൂരജിന്റെ വീട്ടില്‍വച്ചാണ് ആദ്യം ഉത്രയ്ക്കു പാമ്പിന്റെ കടിയേറ്റത്. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് വിശ്രമത്തിനായി പോന്നതായിരുന്നു. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ്  കടി ഏല്‍ക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ  രണ്ടു പ്രാവശ്യവും സൂരജ് മുറിയില്‍ ഉണ്ടായിരുന്നു. ഉത്ര മരിച്ചശേഷം വീട്ടിലെത്തി കിടപ്പുമുറിയില്‍ നിന്ന് പാമ്പിനെ  കൊന്നതും സൂരജാണ്. ഇതിനിടെ ഉത്രയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയ്ക്ക് എതിരായി സൂരജും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ സഹോദരന്‍ കൊന്നതാണെന്ന തരത്തിലായിരുന്നു പരാതി. ഉത്രയ്ക്  വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

  • HASH TAGS