ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 137 ആയി

സ്വന്തം ലേഖകന്‍

May 27, 2020 Wed 10:05 AM

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 137 ആയി. നിരവധി വിമര്‍ശനങ്ങള്‍ പ്രവാസികളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നു. വേണ്ടത്ര ചികിത്സ ലഭിക്കാത്തത് കൊണ്ടാണ് ഗള്‍ഫില്‍ മരണനിരക്ക് ഉയരുന്നതെന്ന ആക്ഷേപം പ്രവാസികളുടെ ഭാഗത്തുനിന്നുണ്ട്. മരിച്ച കൂടുതല്‍ പേര്‍ യുഎഇയിലാണ്. എണ്‍പതിലേറെ മലയാളികളാണ് മരിച്ചത്. ഏപ്രില്‍ ഒന്നിന് യു.എ.ഇയിലാണ് കോവിഡ് ബാധിച്ചുള്ള ആദ്യ മലയാളി മരണം. തൃശൂര്‍ മൂന്നുപീടിക സ്വദേശി പരീതാണ് അന്ന് മരിച്ചത്. തുടര്‍ന്ന് രണ്ട് മാസം തികയാന്‍ മൂന്ന് ദിവസം കൂടി ബാക്കി നില്‍ക്കെ, ഗള്‍ഫില്‍ കോവിഡ് മൂലമുള്ള മലയാളി മരണം 137ല്‍ എത്തി നില്‍ക്കുകയാണ്. പിന്നിട്ട 3 ദിവസങ്ങളില്‍ മാത്രം 22 മരണം. ഇന്നലെ മാത്രം എട്ട്. 85ഓളം മലയാളികള്‍ മരിച്ചത് യു.എ.ഇയിലാണ്. സൗദിയിലും കുവൈത്തിലുമായി 46 മരണങ്ങള്‍. ഒമാനില്‍ രണ്ടും ഖത്തറില്‍ ഒന്നുമാണ് മലയാളി മരണ സംഖ്യ. ബഹ്‌റൈന്‍ മാത്രമാണ് ഗള്‍ഫില്‍ കോവിഡ് മൂലം മലയാളി മരിക്കാത്ത രാജ്യം.നാട്ടിലേക്ക് വരുന്നതിലും പരിമിധികള്‍ നേരിടുകയാണ് പ്രവാസികള്‍. ജീവന്‍ വേണമെങ്കില്‍ കേരളത്തിലേക്ക് വരണം എന്നാല്‍  നാട്ടിലേക്ക് വന്നാല്‍ ഉപജീവനത്തിനുള്ള ജോലി നഷ്ടപ്പെടും. നാട്ടില്‍ എത്തിയാല്‍  ക്വാറന്റെയിനില്‍ വരെ പണം പ്രവാസികള്‍ നല്‍കണം. ഏറെ ആശങ്ക നിറഞ്ഞ ജീവിതം നയിക്കുകയാണ് പ്രവാസി സമൂഹം. 
തക്ക സമയത്ത് മെച്ചപ്പെട്ട ചികില്‍സയും പരിചരണവും ലഭ്യമാക്കുന്നതില്‍ സംഭവിക്കുന്ന അപാകത ഉള്‍പ്പെടെ പലതും മരണ കാരണമായി വിലയിരുത്തപ്പെടുന്നു. മരിച്ചവരില്‍ രണ്ട് നഴ്‌സുമാരും ഒരു ഡോക്ടറും ഉള്‍പ്പെടും. ഭൂരിഭാഗം കുടുംബങ്ങളുടെയും ഏക അവലംബം കൂടിയാണ് നഷ്ടമായത്. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലും ഇനിയും ഉണ്ടായിട്ടില്ല. പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.


  • HASH TAGS