നിങ്ങള്‍ ഒറ്റയ്ക്കല്ല... പ്രസവാനന്തര വിഷാദം

സ്വന്തം ലേഖകന്‍

May 31, 2020 Sun 09:15 PM

ഗര്‍ഭിണി ആയിരുന്ന കാലം മനോഹരമായ സമയമായിരുന്നു.  ഒരു കുഞ്ഞു ജീവനെ ഉള്ളില്‍ വളര്‍ത്തുക. അത് എന്തായാലും പുരുഷന്മാര്‍ക്ക് പറ്റിയ പണിയല്ലെന്ന് ആ സമയത്ത് എനിക്ക് ഉറപ്പായി. ഗര്‍ഭിണിയായിരിക്കമ്പോള്‍ നിങ്ങള്‍ ആവേശഭരിതരാണ്, ആത്മവിശ്വാസമുള്ളവരാണ്, അളക്കാനാവാത്തവിധം സ്‌നേഹിക്കാനുള്ള വാതിലുകള്‍ തുറന്നിട്ട് തയ്യാറെടുക്കുകയാണ്.  ഈ പ്രതീക്ഷയുടെ മഹത്തായ അന്ത്യം, 'മാതൃത്വം' സന്തോഷകരമായ ഒരു ആഘോഷമാണ്. പക്ഷേ അത് അങ്ങനെ ആയില്ലെങ്കിലോ? ഒരു വര്‍ഷത്തില്‍, 7 ല്‍ 1 സ്ത്രീ പ്രസവശേഷം വിഷാദരോഗത്തിന്റെ ആഴമേറിയതും അഗാധവുമായ പ്രസവാനന്തര വിഷാദം അല്ലെങ്കില്‍ 'Postpartum Depression' എന്ന ഗര്‍ത്തത്തില്‍ വീഴുന്നു എന്നാണ് കണക്കുകള്‍.ഞാന്‍ ആ ഏഴില്‍ ഒരു സ്ത്രീയാണ്. വളരെ മോശമായ കുറേ ദിനരാത്രങ്ങള്‍, ഓര്‍കാതിരിക്കാന്‍ കഴിയുമെങ്കില്‍ അതായിരിക്കും ഞാന്‍ ഇഷ്ടപ്പെടുക . പക്ഷേ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഇപ്പോഴും (പ്രസവം കഴിഞ്ഞ് 9 മാസം കഴിഞ്ഞു) അത് പല തരത്തില്‍ വേട്ടയാടുന്നു, പ്രകടമാകുന്നു. പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? 

കൃത്യമായ കാരണങ്ങള്‍ നിരത്താന്‍ എനിക്കോ ശാസ്ത്രത്തിനോ കഴിയില്ല, എങ്കിലും മാറുന്ന ഹോര്‍മോണുകള്‍ ആണ് ഇവിടെ വില്ലന്‍ എന്ന് ഞാന്‍ കരുതുന്നു. അത് മനസ്സിനെ മൊത്തത്തില്‍ ഒരു സവാരി ഗിരി ഗിരിയാക്കി തേച്ച് അങ്ങ് ഒട്ടിക്കും.പരിവര്‍ത്തനത്തെ പിന്തുണയ്ക്കാന്‍ സമീപത്ത് കുടുംബത്തിന്റെ അഭാവമാണ് എന്നിലെ സ്ഥിതി വഷളാക്കിയത് എന്നാണ് ഞാന്‍ കരുതുന്നത്.പ്രസവാനന്തര വിഷാദം ബാധിച്ച സ്ത്രീകള്‍ക്ക് ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ അനുഭവപ്പെടാം: അസ്വസ്ഥതയും ഉറക്കമില്ലായ്മയും. ചിലപ്പോള്‍ അത് അമിത ഉറക്കവും ആവും. എന്ത് കാര്യത്തിലും പെട്ടെന്ന് തീരുമാനം എടുക്കാന്‍ കഴിവുള്ള ഒരു വ്യക്തിയാണ് ഞാന്‍. പക്ഷെ ഈ സവാരി ഗിരി ഗിരി  തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുത്തും. പതിവിലും കൂടുതലോ കുറവോ കഴിക്കുന്നത് ഇതിന്റെ ഒരു ഭാഗമാണ്. ഒരു തരത്തിലും മനസ്സിലാവാത്തത് നിരാശയും കണ്ണുനീര്‍ എപ്പിസോഡുകളും ആണ്. പെട്ടെന്ന് എവിടെ നിന്ന് എന്നറിയാതെ ട്രെയിന്‍ കയറി പ്ലാറ്റ്‌ഫോമില്‍ വന്നങ്ങ് നില്‍ക്കും, ആര്? ആരുമല്ല സങ്കടം. എന്നാല്‍ അടുത്ത ട്രെയിനിന്റെ സമയം ആയാല്‍ പ്ലാറ്റ്‌ഫോം വിട്ട് പോവുകയും ഇല്ല.പിന്നെ ഉള്ളത് ഒരിടത്തുനിന്നും പുറത്തുവരാത്ത ഊര്‍ജ്ജം/ energy , പ്രചോദനം. എന്നാല്‍ ഉള്ളതോ ഒരു കുട്ട നിറയെ കുറ്റബോധം, അല്ലെങ്കില്‍ തനിക്ക് ഒരു വിലയും നല്‍കുന്നില്ല ആരും എന്ന തോന്നല്‍. കൂട്ട് കുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളും അറിഞ്ഞു വളര്‍ന്ന വ്യക്തി ആണ് ഞാന്‍ കുറെയേറെ സുഹൃത്തുക്കളും എനിക്കുണ്ട് . എന്നാല്‍ ഈ സമയത്ത് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്‍വലിയാന്‍ ആണ് ഞാന്‍ താല്‍പര്യപ്പെട്ടത്.ഒരു നല്ല അമ്മയല്ല എന്ന ഭയം അല്ലെങ്കില്‍ സ്വയം നഷ്ടപ്പെടുന്നതിനെച്ചൊല്ലി വേദനിക്കുക ഇത് ഇടക്ക് ഇടക്ക് വന്നു പോകുന്ന ചിന്തകളില്‍ ഒന്നാണ്. ഒന്ന് വീതം മൂന്നു നേരം എന്നൊക്കെ പറയില്ലേ അത് പോലെ. ഞാന്‍ പൊതുവേ ഒരു ക്ഷിപ്രകോപിയാണ് അതുകൊണ്ട് തന്നെ ഇതില്‍ കോപം മാത്രം എനിക്ക് വലിയ പുതുമയായി തോന്നിയില്ല.
ചിലപ്പോഴൊക്കെ എനിക്ക് തന്നെ ആശ്ചര്യം തോന്നിയിട്ടുണ്ട്. ഇത് ഞാന്‍ തന്നെ ആണോ? ലോകത്ത് എത്ര സ്ത്രീകള്‍ പ്രസവിക്കുന്നു. ഇവരൊക്കെ ഇതിലൂടെ കടന്ന് പോയിട്ടുണ്ടാവുമോ? ശാരീരിക അസ്വസ്ഥതകള്‍ നിരന്തരമായ വേട്ടയാടി കൊണ്ടേയിരിക്കും, ക്ഷീണം, ഒരു നവജാതശിശുവിന്റെ നിരന്തരമായ ആവശ്യങ്ങളില്‍ നിന്ന് ഉറക്കക്കുറവ്, ശരീരഭാരം ക്രമീകരിക്കാന്‍ ബുദ്ധിമുട്ട്, വീട്ടിലെ ജോലികള്‍, ദിനചര്യയിലെ മാറ്റങ്ങള്‍, മുലയൂട്ടല്‍ വെല്ലുവിളികള്‍, പ്രസവത്തെ തുടര്‍ന്ന് ഉണ്ടായ നടുവേദന ഓരോ തവണ കുഞ്ഞിനെ എടുത്തു പൊന്തിക്കുമ്പോഴും ഹാജര്‍ വിളിക്കും.ഇത്രയേറെ സഹിച്ച് എങ്ങനെ ഇത്ര ദിവസങ്ങള്‍ കടന്ന് പോയി എന്ന് അറിയില്ല. എത്ര സ്‌നേഹ സമ്പന്നനായ ഭര്‍ത്താവായാലും നമ്മള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക പിരിമുറുക്കം അദ്ദേഹത്തിന് മഞ്ഞ് മലയുടെ അറ്റം എന്നൊക്കെ പറയില്ലേ അത്ര മാത്രമേ മനസ്സിലാവു. അവര്‍ക്ക് ഹോര്‍മോണ്‍ തകരാറുകള്‍, ആര്‍ത്തവം പ്രസവം ഓക്കേ റേഡിയോയില്‍ കേള്‍ക്കുന്ന പോലെ അല്ലേ, അനുഭവിച്ചാല്‍ അല്ലേ അറിയൂ സര്‍. പല സുഹൃത്തുക്കളും നിര്‍ദേശങ്ങള്‍ തന്നിരുന്നു പക്ഷേ എല്ലാം വെള്ളത്തില്‍ വരച്ച വര പോലെ കുറച്ച് നേരത്തേയ്ക്ക് മാത്രം സമാധാനം തരുന്നവയായിരുന്നു. വീണ്ടും ചങ്കരന്‍ തെങ്ങില്‍ തന്നെ.ഈ കാര്യത്തില്‍ എന്നെ സഹായിച്ചത് ഞാന്‍ സഞ്ചരിച്ച അതേ വഴിയിലൂടെ സഞ്ചരിച്ച ഒരു ബോളിവുഡ് ചലച്ചിത്ര നടിയുടെ ഹാസ്യ രൂപത്തിലെ അനുഭവസാക്ഷ്യം ആണ്. 'It is ok to be annoying, shouting or feeling disconnected with your baby because it is not just you, but hundreds of new born mothers feel the same. You are imperfectly perfect.' (സമീറ റെഡ്ഡി)

പരിപൂര്‍ണ്ണതയും ''തികഞ്ഞ'' അമ്മയാകാനുള്ള ആഗ്രഹവും ഒരു നല്ല അമ്മയാകാനുള്ള കഴിവിനേയും പലരും ചോദ്യം ചെയ്യും പല വ്യാഖ്യാനങ്ങള്‍ തരുകയും ചെയ്യും. പക്ഷേ ഇതിനെല്ലാം അപ്പുറം എല്ല് നുറുങ്ങുന്ന വേദന സഹിച്ച് ഞാന്‍ ഇന്നിവിടെ എത്തിയില്ലേ അപ്പോള്‍ ഇതല്ല ഇതിനപ്പുറവും ചാടി കടക്കാന്‍ എന്നെ കൊണ്ടാകും എന്ന വിശ്വാസം ആണ് വേണ്ടത്. അതും സഹായിക്കുന്നില്ല എങ്കില്‍ ആ കുഞ്ഞി കയ്യില്‍ വിരല്‍ വെച്ച് കൊടുത്തേ, മുറുക്കി പിടിക്കുന്നത് കണ്ടില്ലേ? ആ സ്‌നേഹം പോരെ  • HASH TAGS
  • #health
  • #healthtok
  • #pregnancy
  • #delivery
  • #life