നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യം ഏവര്‍ക്കുമുണ്ടാകണം

സ്വന്തം ലേഖകന്‍

Jun 02, 2020 Tue 08:38 PM

ഓണ്‍ലൈന്‍ ക്ലാസുകള്‍ അവതരിപ്പിക്കുന്ന അധ്യാപകരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് നേതൃത്വം. കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ക്ലാസ് ആരംഭിച്ച ആദ്യ ദിവസം തന്നെ അധ്യാപകര്‍ക്കെതിരെ ട്രോളും അവരെ അവഹേളിക്കുന്ന കമന്റുകളും സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്.  ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്‌ക്കരിച്ചിരിക്കുന്ന ബദല്‍ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ഭൂഷണമല്ലെന്നും നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യം ഏവര്‍ക്കുമുണ്ടാകണമെന്നും പോലീസ് നേതൃത്വം ഫേസ്ബുക്കിലൂടെ കുറിച്ചു.
 ചില ചാനലിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബര്‍ വിംഗിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഇവര്‍ അറിയിച്ചു.


  • HASH TAGS