ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ 'കരുതലുള്ളൊരു മനുഷ്യസ്നേഹി'യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു : കെ.കെ രമ

സ്വലേ

Jun 14, 2020 Sun 02:25 PM

സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍റെ മരണവാര്‍ത്തയ്ക്ക് പിന്നാലെ അനുസ്മരണവുമായി നിരവധി സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാര്‍ട്ടി പ്രവര്‍ത്തരോടും സമൂഹത്തോടും കരുതല്‍ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തന്‍ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്‍ബുക്കില്‍ കുറിച്ചത്.എന്നാൽ മുഖ്യമന്ത്രിയുടെ  ഫെയ്സ്‍ബുക്ക് പോസ്റ്റിന്   മറുപടി നൽകിയിരിക്കുകയാണ് ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ. 
കെ കെ രമയുടെ പോസ്റ്റ് വായിക്കാം:


കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച കേരളം കാണുകയാണ്. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ 'കരുതലുള്ളൊരു മനുഷ്യസ്നേഹി'യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു. കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതൃത്വത്തിന്‍റെയും ബാധ്യതയാണെന്ന് ടിപി വധത്തിന്‍റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.


ഏതോ 'കള്ളമൊഴി' കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില്‍ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കില്‍ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം.


വിശദവായനയ്ക്ക് നേരമില്ലെങ്കില്‍ വിധിന്യായത്തിലെ ഈ ഫോണ്‍വിളിപട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന 'മനുഷ്യസ്നേഹി' സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുൻപ്‌ തന്‍റെ ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട 'കരുതല്‍' എന്താണെന്ന് മനസ്സിലായല്ലോ!!

  • HASH TAGS
  • #pinarayivijayan
  • #tp
  • #K. K rama