പ്രതിപക്ഷം ആരുടെ താത്പര്യത്തിനാണ് നിലകൊള്ളുന്നത് : പിണറായി വിജയന്‍

സ്വന്തം ലേഖകന്‍

Jun 20, 2020 Sat 06:56 PM

വാര്‍ത്താ സമ്മേളനത്തിനിടെ പ്രതിപക്ഷത്തെയും മുല്ലപ്പള്ളി രാമചന്ദ്രനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോക്ക് എങ്ങോട്ടാണെന്നും കേന്ദ്രത്തോട് ഒരു പ്രസ്താവനയിലൂടെയെങ്കിലും കേരളത്തിന് വേണ്ട ഒരാവശ്യം ഉന്നയിച്ചിട്ടുണ്ടോ? എന്ത് മ്ലേച്ഛമായാണ് ഇവര്‍ പെരുമാറുന്നതെന്നും നാടിനെ തളര്‍ത്തിയ രോഗങ്ങളെ പ്രതിരോധിക്കുമ്പോള്‍ അതിന് എതിര്‍ക്കുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. നിപ വൈറസുമായി ബന്ധപ്പെട്ട് രോഗികളെ പരിചരിച്ച് മരണപ്പെട്ട ലിനി സിസ്റ്റരുടെ കുടുംബത്തെ ഇങ്ങനെ വേട്ടയാടേണ്ടതുണ്ടോ ? ലിനി സിസ്റ്റര്‍ കേരളത്തിന്റെ സ്വത്താണ്. മുല്ലപ്പള്ളിയുടെ പരാമര്‍ശം ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെ ആവരുത് എന്ന് കാണിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. കോഴിക്കോട് നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ' റോളില്‍ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.


  • HASH TAGS