ചൈനീസ് അതിര്‍ത്തിയില്‍ ഉടനടി പുതിയ റോഡുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഇന്ത്യ

സ്വന്തം ലേഖകന്‍

Jun 23, 2020 Tue 11:00 PM

ചൈനീസ് അതിര്‍ത്തിയില്‍ ഉടനടി പുതിയ റോഡുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഇന്ത്യ. ആകെ 73 റോഡുകളുടെ നിര്‍മാണമാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ നിലവില്‍ നടത്തുന്നത്. സിപിഡബ്ല്യുഡി 12, ബിആര്‍ഒ 61 റോഡുകള്‍ നിര്‍മിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണു നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിക്കുന്നത്. എന്നാല്‍ 32 പുതിയ റോഡുകള്‍ കൂടി അതിര്‍ത്തിയില്‍ ഉടനടി നിര്‍മ്മിക്കാന്‍ ഇന്ത്യപദ്ധതിയിട്ടതായി വാര്‍ത്ത ഏജന്‍സി പിടിഎ റിപ്പോര്‍ട്ട് ചെയ്തു. ലഡാക്ക് സെക്ടറില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണു നിര്‍ണായക തീരുമാനം.
ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ജൂണ്‍ 15,16 ദിവസങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മാണം നടത്തുന്നതില്‍ മൂന്ന് പ്രധാന റോഡുകള്‍ ലഡാക്കിലാണ്. റോഡ് നിര്‍മാണത്തിനു പുറമേ അതിര്‍ത്തി പ്രദേശങ്ങളില്‍ ഊര്‍ജം, ആരോഗ്യം, ടെലികോം, വിദ്യാഭ്യാസം എന്നീ മേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. 2017 മുതല്‍ 2020 വരെ 470 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയത്. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കൂടുതല്‍ തുക ഇതിനായി ഇന്ത്യ മാറ്റിവെച്ചിട്ടുണ്ട്.

  • HASH TAGS