എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ ലോക്‌നാഥ് ബെഹ്‌റ

സ്വന്തം ലേഖകന്‍

Jun 24, 2020 Wed 08:16 PM

എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗബാധ കൂടുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം.സ്‌പെഷ്യല്‍ പോലീസ് ഓഫീസേഴ്‌സ്, ഹോം ഗാര്‍ഡുകള്‍ എന്നിവരുടെ സേവനം ഉറപ്പാക്കും. കഴിയുന്നത്ര പോലീസ് വോളന്റിയേഴ്‌സിനെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലേര്‍പ്പെടുന്ന എല്ലാ പോലീസുദ്യോഗസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് സ്വയരക്ഷ ഉറപ്പാക്കണം എന്നും അദ്ദേഹം നിര്‍ദേശിച്ചു.
അതേ സമയം  കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഓഫീസുകളില്‍ ജീവനക്കാരെ പരിമിതപ്പെടുത്താന്‍  ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ പോലെ തന്നെ സര്‍ക്കാര്‍ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.ഓരോ ഓഫിസിലെയും ജോലിയുടെ സ്വഭാവവും സൗകര്യവും അനുസരിച്ച് ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ച് ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. ഓഫീസിലെത്താതെ തന്നെ ഓണ്‍ലൈന്‍ ആയി ജോലികള്‍ ചെയ്യാം. അതെ സമയം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദിവസവും ഓഫിസില്‍ ഹാജരായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം. ഓഫിസുകളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. ഓഫിസര്‍മാരുടെ ക്യാബിന്‍ ഒന്നിലധികം പേര്‍ ഉപയോഗിക്കന്‍ പാടില്ല. 
  • HASH TAGS