എറണാകുളം മാര്‍ക്കറ്റ് അടച്ചു

സ്വന്തം ലേഖകന്‍

Jun 30, 2020 Tue 08:26 PM

എറണാകുളം ചന്തയിലെ വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍  സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാര്‍ക്കറ്റിന്റെ ഭാഗങ്ങള്‍ തല്‍ക്കാലം അടച്ചിടാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.  മുന്‍പ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. അവര്‍ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു. മാര്‍ക്കറ്റില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ള എല്ലാവരുടെയും സാംപിളുകള്‍ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ റാന്‍ഡം പരിശോധന നടത്താനും കലക്ടര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. 
നിലവില്‍ 26 പേരുടെ സാമ്പിള്‍ പരിശോധിചതായും സാഹചര്യം ഗുരുതരമാവുന്നതിന് മുന്‍പ് തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്തതെന്നും കലക്ടര്‍ അറിയിച്ചു. കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടകള്‍ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളില്‍ എത്തുന്നവരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.  • HASH TAGS
  • #pinarayivjayan
  • #Market
  • #eranakulamjunction
  • #Covid19