പ്രതിരോധം ശക്തിപ്പെടുത്താന്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കുന്നു

സ്വന്തം ലേഖകന്‍

Jul 18, 2020 Sat 02:42 PM

സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കുന്നു. 


എന്താണ് കോവിഡ് ക്ലസ്റ്റര്‍?


ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി വന്‍തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് അതിനെ ക്ലസ്റ്റര്‍ ആയി തിരിക്കുന്നത്. ഉറവിടമറിയാത്ത ഒരു കേസെങ്കിലും ഉള്ളതും ആ പ്രദേശത്ത് രണ്ടില്‍ കൂടുതല്‍ കേസുകള്‍ പരസ്പര ബന്ധമില്ലാത്തതും ഉണ്ടെങ്കില്‍ അതിനെ അടിസ്ഥാനമാക്കിയാണ് ക്ലസ്റ്ററിന്റെ കോണ്ടാക്ട് ട്രെയിസിംഗ് തുടങ്ങുന്നത്.കോവിഡ്ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളില്‍ തന്നെ പരിശോധനയും ചികിത്സയും ക്വാറന്റൈനും ശക്തിപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലാ വകുപ്പുകള്‍ക്കും തുല്യ ഉത്തരവാദിത്വമാണുള്ളത്. ഈ മേഖലയിലുള്ളവര്‍ എല്ലായിപ്പോഴും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്. ഓര്‍ക്കുക സമൂഹ വ്യാപനത്തിന് തൊട്ട് മുമ്പുള്ളതാണ് ക്ലസ്റ്ററുകള്‍. 70 ആക്ടീവ് ക്ലസ്റ്ററും 17 കണ്ടൈന്‍ഡ് ക്ലസ്റ്ററും ഉള്‍പ്പെടെ സംസ്ഥാനത്ത് നിലവില്‍ 87 ക്ലസ്റ്ററുകളാണുള്ളത്. അതില്‍ രണ്ടെണ്ണം സമൂഹവ്യാപനത്തിലുമായി. അല്‍പം ബുദ്ധിമുട്ട് സഹിച്ചും എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ എത്രയും വേഗം ക്ലസ്റ്ററുകളില്‍ നിന്നും മുക്തമാകും.



ഒരു പ്രദേശത്തെ ക്ലസ്റ്ററാക്കിയാല്‍ ഏറ്റവും പ്രധാനമാണ് കണ്‍ട്രോള്‍ റൂം. ഈ കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തിലായിരിക്കും ക്ലസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മേല്‍നടപടികള്‍ സ്വീകരിക്കുന്നത്. രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ആ പ്രദേശത്തെ കണ്ടൈന്‍മെന്റ് സോണായി തിരിക്കുന്നു. അവിടെ ലോക് ഡൗണ്‍ ആക്കി ജനങ്ങളുടെ ഇടപെടലുകള്‍ പരമാവധി കുറച്ച് ക്വാറന്റൈനിലാക്കുന്നു.



കോവിഡ് രോഗബാധിതരെ നേരത്തെ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയില്ലെങ്കില്‍ സമൂഹ വ്യാപനത്തിലേക്ക് പോകാം. അതിനാല്‍ തന്നെ ക്ലസ്റ്റര്‍ മാനേജ്മെന്റ് വളരെ പ്രധാനമാണ്. 

ഒരു പ്രദേശത്ത് അവസാനത്തെ പോസിറ്റീവ് കേസ് വന്ന ശേഷം 7 ദിവസം പുതിയ കേസ് ഇല്ലെന്ന് ഉറപ്പാക്കിയാലേ ആ മേഖലയെ ക്ലസ്റ്ററില്‍ നിന്നും ഒഴിവാക്കുകയുള്ളൂ. കേരളം ഇതേവരെ തുടര്‍ന്ന ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരാതെ വന്നാല്‍ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കാണുന്നതുപോലെ പ്രതിദിന മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു.










  • HASH TAGS
  • #www.toknews.com
  • #Covid19
  • #cluster