കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രം ഓൺലൈനിൽ റിലീസായി

സ്വലേ

Aug 09, 2020 Sun 09:59 AM

കുട്ടികൾക്കു വേണ്ടി നിർമ്മിച്ച"കൊന്നപ്പൂക്കളും മാമ്പഴവും "എന്ന ചിത്രം  ഓൺ ലെെനിൽ റിലീസായി .പൂർണമായും കുട്ടികളിലൂടെ കഥ പറയുന്ന  സിനിമയാണിത്. കൊറോണ  പ്രതിസന്ധിയിൽ സ്കൂളിൽ പോകാനോ കൂട്ടുകാർക്കൊപ്പം കളിക്കാനോ കഴിയാതെ വീടുകളിൽ സമയം ചെലവഴിക്കുന്ന കുട്ടികൾക്ക് തീർച്ചയായും ഈ സിനിമ ഒരു പുത്തൻ അനുഭവമായിരിക്കും എന്ന് സംവിധായകൻ അഭിലാഷ് പറഞ്ഞു.വില്ലേജ് ടാക്കീസിന്റെ ബാനറിൽ നീന ബി നിർമിച്ച് അദ്ധ്യാപകനായ അഭിലാഷ് എസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഇത് "സൂഫിയും സുജാതയും" എന്ന ചിത്രത്തിനു ശേഷം മലയാളത്തിൽ ഓ ടി ടി റിലീസ് ചെയ്യുന്ന സിനിമയാണ്.


കോവിഡ് പ്രതിസന്ധിമൂലം 150 ലേറെ ദിവസങ്ങളായി തിയേറ്ററുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ആണ് ഈ ചിത്രവും ഓ ടി ടി റിലീസ് ചെയ്യാൻ തീരുമാനിച്ചത്.
ആദർശിന്റെയും കൂട്ടുകാരുടെയും മധ്യ വേനലവധി കാലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വളരുന്നത്. കുട്ടികളെ മനസിലാക്കാത്ത രക്ഷിതാക്കളെയും തെറ്റായ വിദ്യാഭ്യാസ രീതികളെയും ചിത്രം വിമർശിക്കുന്നുമുണ്ട്.2019 ൽ തിരുവനന്തപുരത്ത് നടന്ന രണ്ടാമത് കുട്ടികളുടെ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം ഇംഗ്ലണ്ടിലും റഷ്യയിലും വിവിധ ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചു.


ചിത്രത്തിൽ ടോപ് സിംഗർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ജെയ്ഡൻ ഫിലിപ്പ് ആദ്യമായി നായകനാകുന്നു. . ആദർശ് കുര്യൻ ക്യാമറയും ഷാരൂൺ സലിമും ഗാനരചന അഡ്വ .സനിൽ മാവേലിയും നിർവഹിക്കുന്നു. മെയിൻ സ്ട്രീം ഓ ടി ടി പ്ലാറ്റ് ഫോമിലൂടെ ആഗസ്ത് 8 മുതൽ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾക്ക് ഈ സിനിമ ആസ്വദിക്കാൻ കഴിയും.   


പ്ലേ സ്റ്റോറിൽ നിന്ന് ഫ്രീ ആയി മെയിൻ സ്ട്രീം ടി വി ആപ്പ് ഡൌൺലോഡ് ചെയ്യുന്നവർക്ക് സിനിമയുടെ ലിങ്കിൽ കയറി ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 40രൂപ അടച്ചു സിനിമ കാണാവുന്നതാണ്. ഒരു തവണ പണമടച്ച് കയറുന്നവർക്ക് 72 മണിക്കൂർ വരെ ഈ സിനിമ കാണാൻ കഴിയും.

  • HASH TAGS
  • #film