ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നിര്‍മ്മാണത്തെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത് വാസ്തവവിരുദ്ധം: ഷിബു ബേബി ജോണ്‍

സ്വന്തം ലേഖകന്‍

Aug 12, 2020 Wed 12:58 PM

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നിര്‍മ്മാണത്തെ പറ്റി മുഖ്യമന്ത്രി പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍. ചീഫ് സെക്രട്ടറി 2019 ജൂണില്‍ ഭരണാനുമതി നല്‍കിയ വര്‍ക്കുകളില്‍ വടക്കാഞ്ചേരിയിലെ പദ്ധതിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഭരണാനുമതി നല്‍കിയ വര്‍ക്കില്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യസ്ഥതയില്ലെയെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു. ഇത് വ്യക്തമാക്കുന്ന രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.13 കോടിയ്ക്കാണ് അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷനുള്ളത്. എന്നാല്‍ റെഡ് ക്രസന്റ് 20 കോടി നല്‍കി. ഫ്‌ലാറ്റ് സമുച്ഛയത്തിന് പുറമെ ഇതിലെങ്ങും പരാമര്‍ശിക്കാത്ത നാലര കോടിയുടെ ആശുപത്രി കൂടി വന്നിട്ടുണ്ട്. എന്നാലും രണ്ട് കോടിയില്‍പരം രൂപ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.ഈ രണ്ട് കോടി കൊണ്ട് പുതിയതായി 35 പേര്‍ക്കെങ്കിലും വീട് നല്‍കാമായിരുന്നു. മുന്‍സിപ്പാലിറ്റിയുടെ ഈ സ്ഥലം ലൈഫ് മിഷന് കൈമാറിയിട്ട് ലൈഫ് മിഷനാണോ റെഡ് ക്രസന്റിന് കൈമാറിയത്. മുഖ്യമന്ത്രി പറയുന്നത് പോലെ മുന്‍സിപ്പാലിറ്റി നേരിട്ട് കൈമാറിയെങ്കില്‍ മുന്‍സിപ്പാലിറ്റിയും റെഡ് ക്രസന്റുമായി എഗ്രിമെന്റ് ഉണ്ടാകേണ്ടതുണ്ട്.കഴിഞ്ഞ നാല്  വര്‍ഷമായി ഐടി വകുപ്പുമായി ബന്ധപ്പെട്ട വിവിധ വര്‍ക്കുകള്‍ യൂണിടെക് എന്ന കമ്പനിയ്ക്ക്  എങ്ങനെയാണ് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ വന്ന സ്വകാര്യ കമ്പനികളുടെ വര്‍ക്കും യുണിടെക്കിന് ലഭിച്ചത് വിചിത്രമായ കാര്യമാണ്. ഹൈക്കോടതി റദ്ദ് ചെയ്ത ടോറസിന്റെ വര്‍ക്കും യുണിടെക്കിനായിരുന്നു. 2016 ല്‍ മാത്രം രജിസ്റ്റര്‍ ചെയ്ത ഒരു സ്ഥാപനത്തിന് ഇത്രയധികം തുകയുടെ വര്‍ക്കുകള്‍ കേരളത്തില്‍ എങ്ങനെ കിട്ടുന്നുവെന്നത് അതിശയകരമാണ്. ഇക്കാര്യങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യമാണ്. അല്ലാത്തപക്ഷം മുഖ്യമന്ത്രിയ്ക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്ന് ജനം മനസിലാക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.


  • HASH TAGS
  • #pinarayi
  • #tok
  • #toknews
  • #shibubabyjohn