12ാം നമ്പര്‍ ജേഴ്‌സി ആദര സൂചകമായി എടുത്തുവെക്കണമെന്ന് ഗംഭീര്‍

സ്വന്തം ലേഖകന്‍

Jun 10, 2019 Mon 11:10 PM

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്നാല്‍ 12ാം നമ്പര്‍ ജേഴ്‌സി ആദര സൂചകമായി എടുത്തുവെക്കണമെന്ന് ഗൗതം ഗംഭീര്‍. 12ാം നമ്പര്‍ ജേഴ്‌സി താരത്തിനോടുള്ള ആദരസൂചകമായി ബിസിസിഐ ഒഴിച്ചിടണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ലോകചാമ്പ്യനും നിലവിലെ എംപിയുമായ ഗൗതം ഗംഭീര്‍. ഏകദിനം കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് യുവരാജ് സിംഗ് എന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. യുവരാജിനെപ്പോലെ ബാറ്റ് ചെയ്യാനും തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു.


40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും കളിച്ച യുവി ഇന്ത്യയുടെ 2007 ടി20 ലോകകപ്പിലും 2011 ഏകദിന വിജയങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. 402 മത്സരങ്ങളില്‍ നിന്ന് 11788 അന്താരാഷ്ട്ര റണ്‍സുകളാണ് യുവരാജ് സിംഗ് നേടിയിട്ടുള്ളത്. 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്സി അണിഞ്ഞു. 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കി ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം യുവരാജായിരുന്നു.


2007ലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്സറിന് പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. 2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാന്‍സര്‍ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി വീണ്ടും കളിയിലെ കേമനായി.

  • HASH TAGS
  • #sports
  • #yuvi
  • #yuvarajsigh
  • #internationalcricket