കാര്‍ഷിക നിയമം: കേന്ദ്രം വിളിച്ച യോഗം കൃഷി മന്ത്രി എത്താത്തതിനാൽ അലങ്കോലമായി

സ്വലേ

Oct 14, 2020 Wed 07:21 PM

ന്യൂഡൽഹി: ഡൽഹിയിൽ കർഷക പ്രതിനിധികളുമായി ചർച്ച നടത്താൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത യോഗം കേന്ദ്രകൃഷിവകുപ്പ് മന്ത്രി പങ്കെടുക്കാത്തതിനെ തുടർന്ന് അലങ്കോലമായി. പുതിയ കാർഷിക നിയമത്തിനെതിരെ കർഷകപ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെയാണ് ഡൽഹിയിൽ കേന്ദ്രസർക്കാർ യോഗം വിളിച്ചത്. എന്നാൽ കൃഷിവകുപ്പ് മന്ത്രിക്ക് പകരം ചർച്ചയിൽ പങ്കെടുത്തത് കൃഷി വകുപ്പ് സെക്രട്ടറിയായിരുന്നു. ഇതിനെ തുടര്‍ന്ന് കർഷകർ അതൃപ്തി പ്രകടിപ്പിച്ച് മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ചു.30 കർഷകസംഘടനകളുടെ പ്രതിനിധികളെയാണ് കേന്ദ്രസർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നത്. ഇവർ എല്ലാവരും കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യമുയർത്തി പ്രതിഷേധം ആരംഭിച്ചു. മുദ്രാവാക്യം വിളികളോടെ കാർഷിക നിയമത്തിന്റെ പകർപ്പുകൾ കീറി എറിയുകയും ചെയ്തു. മാത്രമല്ല കര്‍ഷക നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്ന് പ്രതിനിധികൾ വ്യക്തമാക്കി.

  • HASH TAGS
  • #Farmer
  • #Farmlaw