ബിനോയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് യുവതി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വ ലേ

Jun 27, 2019 Thu 07:03 PM

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് പരാതിക്കാരിയായ യുവതിയുടെ കുടുംബം. ബീഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്നെ തെളിവുകള്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കാനാണ് നീക്കം. കേസ് ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ അഭിഭാഷകനെ നിയമിക്കുമെന്നും കുടുംബം വ്യക്തമാക്കി.


തനിക്കെതിരായ പീഡനപരാതി കെട്ടിച്ചമച്ചതാണെന്ന് ചുണ്ടിക്കാട്ടി ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. മുംബൈ ഡന്‍ഡോഷി സെഷന്‍സ് കോടതി ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് വിധി പുറപ്പെടുവിക്കുക. ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ഉടന്‍ അറസ്റ്റ് ഉണ്ടായേക്കും. ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗ കേസ് ചുമത്തിയാവും അറസ്റ്റ്.


പരാതിക്കാരിയുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരായി നല്‍കിയിരിക്കുന്നത് ബിനോയിയുടെ പേരാണ്. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരായി നല്‍കിയിരിക്കുന്നതും ബിനോയിയുടെ പേര് തന്നെയെന്നത് ശക്തമായ തെളിവുകളാണ്.   • HASH TAGS