എസ്.എസ്.എല്‍.സി: വിജയ ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍

സ്വന്തം ലേഖകന്‍

May 06, 2019 Mon 10:43 AM

തിരുവനന്തപുരം: എസ്.എസ്.എല്‍സി വിജയ ശതമാനം 98.11%. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം കൂടുതലാണ് ഇത്തവണ. കഴിഞ്ഞ വര്‍ഷം 97.84% ആയിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉച്ചയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരമാണ് വിദ്യാഭ്യാസ ഡയറക്ടര്‍ ഫലം പ്രഖ്യാപിച്ചത്. ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എല്‍സി ഫലങ്ങളും പ്രസിദ്ധീകരിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലാണ്. വയനാട്ടിലാണ് കുറഞ്ഞ വിജയ ശതമാനം. 4,34,829 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 37,334 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരില്‍ മുന്നില്‍ നില്‍ക്കുന്നത് മലപ്പുറം ജില്ലയാണ്. മലപ്പുറത്ത് പരീക്ഷ എഴുതിയ 2493 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയം , സൂക്ഷമ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുളള അപേക്ഷകള്‍ മെയ് 7 മുതല്‍ 19 വരെ സമര്‍പ്പിക്കാം. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത കുട്ടികള്‍ക്ക് മെയ് 20 മുതല്‍ 25 വരെ സേ പരീക്ഷ നടത്തും.


  • HASH TAGS
  • #sslc
  • #result