മുബൈയില്‍ കനത്തമഴ : ഏതാനും തീവണ്ടികള്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍

Jul 01, 2019 Mon 05:43 PM

മുംബൈ : മുബൈയില്‍ കനത്തമഴയെ തുടര്‍ന്ന് ഏതാനും  തീവണ്ടികള്‍ റദ്ദാക്കി. നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്. റെയില്‍പാതയില്‍ വെള്ളം കയറിയതിനാല്‍ തീവണ്ടികള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 360 മില്ലി മീറ്റര്‍ മഴയാണ് ഞായറാഴ്ച രാത്രിയില്‍ മാത്രം പെയ്തത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ജനജീവിതം ദുസഹമായിരിക്കുകയാണ്. മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ വെള്ളിയാഴ്ച എട്ട് പേര്‍ മരിച്ചപ്പോള്‍ പുണെയില്‍ ശനിയാഴ്ച പുലര്‍ച്ചെ മതില്‍ തകര്‍ന്ന് വീണ് 17 പേരാണ് മരിച്ചത്.

 

സിയണ്‍,ദാദര്‍, കിങ് സര്‍ക്കിള്‍, ബാന്ദ്ര തുടങ്ങി മുംബൈയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ട് പ്രശ്‌നം രൂക്ഷമായതിനാല്‍ തിരക്കേറിയ അന്ധേരി സബ്വെ അടച്ചു. ഇവിടെ നിന്ന് മോട്ടോര്‍ പമ്ബ് ഉപയോഗിച്ച് വെള്ളം പുറത്തുകളയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മരം പിഴുതുവീണും ഷോര്‍ട്ട് സര്‍ക്യൂട്ട് മുലവുമുള്ള അപകടങ്ങള്‍ മുംബൈയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തില്‍ പരിക്കേറ്റ് നിരവധി ആളുകള്‍ ചികിത്സ തേടുന്നുണ്ട്.


പല്‍ഘാര്‍ മേഖലയിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ മുംബൈ-വല്‍സദ്-സൂറത് വഴിയുള്ള ഏതാനും തീവണ്ടികള്‍ റദ്ദാക്കിയതായി പശ്ചിമ റെയില്‍വേ അറിയിച്ചു. ഇതിന് പകരമായി മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസ് ക്രമീകരിച്ചു.


  • HASH TAGS
  • #mumbai