ഫേസ്ബുക്ക് ആസ്ഥാനത്ത് മാരക വിഷമായ 'സരിന്‍' സാന്നിധ്യം, വിഷം എത്തിയത് തപാലില്‍

സ്വ ലേ

Jul 02, 2019 Tue 08:28 PM

ഫേസ്ബുക്കിന്റെ ആസ്ഥാനമായ സിലിക്കണ്‍ വാലിയിലെ തപാല്‍ സംവിധാനത്തില്‍ വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ച് ഫേസ്ബുക്ക്. നാല് കെട്ടിടങ്ങളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്.


പക്ഷാഘാതം, ബോധക്ഷയം, ശ്വാസകോശ സംബന്ധമായ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുന്ന മാരകമായ വിഷമാണ് സരിന്‍. മനുഷ്യന്റെ നാഡീ സംവിധാനത്തെ ബാധിക്കുന്ന സരിന്‍ പെട്ടെന്നു തന്നെ മരണകാരണമാകും. ഇന്നലെ രാവിലെ സംശയാസ്പദമായി കണ്ട പായ്ക്കറ്റിലാണ് സരിന്‍ സാന്നിധ്യം കണ്ടെത്തിയത്. ഈ പായ്ക്കറ്റ് കൈകാര്യം ചെയ്ത ആളുകള്‍ക്ക് ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 


ഫേസ്ബുക്കിലേക്ക് എത്തുന്ന എല്ലാ പായ്ക്കറ്റുകളും പരിശോധിക്കാറുണ്ട്. ഇന്നലെ ഒരു പായ്ക്കറ്റില്‍ പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് നാല് ഓഫിസുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചത്.


'ജീവനക്കാരുടെ സുരക്ഷയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും, സമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് യാതൊരു ഭീഷണിയുമില്ലെന്നും, കൂടുതല്‍ വിവരങ്ങള്‍ വിശദമായ പരിശോധനകള്‍ക്കു ശേഷം പുറത്തു വിടുമെന്നും' ഫേസ്ബുക്ക് വക്താവ് ആന്റണി ഹാരിസണ്‍ പറഞ്ഞു.  • HASH TAGS