മദ്യ ലഹരിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍; യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാന്‍ വളയം പിടിച്ച് നിയമപാലകന്‍

സ്വ ലേ

Jul 06, 2019 Sat 08:29 PM

മദ്യ ലഹരിയില്‍ വാഹനമോടിച്ച ബസിലെ ഡ്രൈവറെ പരിശോധന ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതോടെ പൊല്ലാപ്പിലായത് യാത്രക്കാര്‍. മദ്യപിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്തതോടെ ഇനി ആര് വണ്ടിയോടിക്കും എന്ന ആശങ്കയിലായി്. കിലോമീറ്ററുകളോളം സഞ്ചരിക്കാനുള്ളവരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. 


ഇതോടെ പരിശോധനയ്ക്കുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഡ്രൈവറായി മാറി. ബസില്‍ കയറി വളയം പിടിച്ചു. മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ ഡ്രൈവര്‍ മനു കെ തോമസ് ആണ് ഡ്രൈവറായി ജനങ്ങളെ എത്തിക്കേണ്ടിടത്ത് എത്തിച്ചത്.


ചെത്തിമറ്റം മുതല്‍ പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡ് വരെയാണ് മനു ബസ് ഓടിച്ചത്. ഇടയ്ക്ക് യാത്രക്കാരെ ഇറക്കുകയും ചെയ്തു. കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ എല്ലാവരെയും ഇറക്കിയ ശേഷമാണ് ബസുമായി മരങ്ങാട്ടുപിള്ളി സ്റ്റേഷനിലേക്ക് അദ്ദേഹം തിരിച്ചത്. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ് മനുവിനെ തേടിയെത്തിയത്.


സേനയില്‍ ചേരുന്നതിനു മുന്‍പ് ലോറിയും ബസും ഓടിച്ച പരിചയമുണ്ടായിരുന്നു മനുവിന്. പോലീസ് ക്യാംപിലെ ആദ്യ ദിനങ്ങളില്‍ ഔദ്യോഗിക വാഹനവും ഓടിച്ച പരിചയം ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബസ് ഓടിക്കാന്‍ മനു തയ്യാറായത്. 


  • HASH TAGS